വിജയ് ബാബു മുപ്പതിനെത്തും; യാത്രാരേഖ ഹൈക്കോടതിയില്‍ ഹാജരാക്കി
പുതുമുഖനടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ വിജയ് ബാബു ഈ മാസം മുപ്പതിന് ദുബായില്‍ നിന്ന് തിരിച്ചെത്തും. വിജയ് ബാബുവിന്റെ അഭിഭാഷകനാണ് ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. മടക്കയാത്രയുടെ ടിക്കറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ മടക്കയാത്രാ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ആദ്യം മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കൂ, അതിനുശേഷം ജാമ്യഹര്‍ജി പരിഗണിക്കാമെന്നാണ് ജസ്റ്റിസ് ഗോപിനാഥ് കഴിഞ്ഞദിവസം പറഞ്ഞത്. ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിജയ് ബാബുവിന്റെ യാത്രാരേഖകള്‍ ഹാജരാക്കിയത്.
ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കുന്നതിനാല്‍ വിജയ് ബാബു രാജ്യത്ത് തിരിച്ചെത്തിയാലും എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്യും. അറസ്റ്റ് ഒഴിവാക്കാനായി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോളാണ് യാത്രാരേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് വിജയ് ബാബുവിന്റെ മടക്കയാത്രയുടെ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതിയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ പ്രത്യേക യാത്രാരേഖകള്‍ തയാറാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുമെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.
Content Highlight: Vijay Babu to return from Dubai on 30th May.