പണം ആവശ്യപ്പെട്ട് ധനമന്ത്രിയുടെ പേരിൽ വ്യാജ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ
ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പേരിൽ വ്യാജവാട്സ് ആപ്പ് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. ധനവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർക്കടക്കം വ്യാജ അക്കൗണ്ടിൽ നിന്ന് സന്ദേശം ലഭിച്ചു. ആദ്യം ലഭിച്ച സന്ദേശത്തിന് പലരും മന്ത്രിയാണെന്ന് കരുതി മറുപടി അയച്ചിരുന്നു. തുടർന്ന് നടത്തിയ സംഭാഷണത്തിൽ സംശയം തോന്നിയ ചിലരാണ് ഇക്കാര്യത്തെ കുറിച്ച് മന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. ഓഫീസിൽ വിവരം അറിയച്ച ശേഷമാണ് ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടത്.
പലരോടും പണം അഭ്യർഥിച്ച് മെസേജ് പോയിട്ടുണ്ട്. ആർക്കെങ്കിലും പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വെളിപ്പെടുത്തൽ വന്നിട്ടില്ല. ഇതിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്. വ്യാജ അക്കൗണ്ട് നിർമിച്ചത് സംബന്ധിച്ച് മന്ത്രിയുടെ ഓഫീസ് ഇന്ന് പൊലീസിൽ വിശദമായ പരാതി നൽകും എന്നാണ് വിവരം.
മറ്റ് മന്ത്രമാരുടെ പേരിലും സമാനമായ ചില തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന് പരാതിയുണ്ട്. നേരത്തെ ഡി ജി പിയുടെ പേരിലും വ്യാജ അക്കൗണ്ടുകൾ പ്രചരിച്ചിരുന്നു. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിലെ വാട്സാപ്പ് നമ്പർ സ്വിച്ച് ഓഫാണ്. കേരളത്തിന് പുറത്ത് നിന്നാണ് ഇത് ഓപ്പറേറ്റ് ചെയ്യുന്നതെന്നാണ് പ്രാഥമിക വിവരം.
പൊലീസ് കേസെടുക്കുന്നതിനൊപ്പം സൈബർ വിദഗ്ധരുടെ സംഘവും ഈ കേസ് അന്വേഷിക്കുന്നുണ്ട്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റും പേരിൽ വരുന്ന വ്യാജ അക്കൗണ്ടുകളെ ആ ഗൗരവത്തിൽ തന്നെയാണ് സർക്കാറും പൊലീസും കാണുന്നത്.