നടിയുടെ ഹര്‍ജിയില്‍ വി ഡി സതീശന്റെ ഗൂഢാലോചന? പിന്നില്‍ ഭാഗ്യലക്ഷ്മി; കൂടിക്കാഴ്ചയില്‍ ഭാഗ്യലക്ഷ്മിയെ ഒഴിവാക്കി മുഖ്യമന്ത്രി
നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്കിയ ഹര്‍ജി സര്‍ക്കാരിന് എതിരാക്കിയതില്‍ പ്രതിപക്ഷ ഗൂഢാലോചനയെന്ന് റിപ്പോര്‍ട്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും പ്രതിപക്ഷനേതാവ് വി ഡി സതീശനും രണ്ട് പ്രമുഖ അഭിഭാഷകരും ഗൂഢാലോചനയില്‍ പങ്കാളികളായെന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിച്ചു. അതിജീവിതയ്ക്കൊപ്പം കൂടിക്കാഴ്ചയ്ക്കെത്തിയ ഭാഗ്യലക്ഷ്മിയെ ഉള്ളിൽ പ്രവേശിപ്പിച്ചില്ല. കൂടിക്കാഴ്ചയില്‍ ഭാഗ്യലക്ഷ്മിയെ ഒപ്പം കൂട്ടരുതെന്ന് തലേദിവസം തന്നെ അതിജീവിതയ്ക്ക് പ്രമുഖ സംവിധായകന് വഴി നിര്‍ദേശം നല്‍കിയിരുന്നതായും വിവരമുണ്ട്. ഇതു വകവെയ്ക്കാതെ ഭാഗ്യലക്ഷ്മി എത്തിയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
അതിജീവിത നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് എതിരായ പരാമര്‍ശം അടങ്ങിയ ഖണ്ഡിക ഉള്‍പ്പെട്ടതില്‍ ഗൂഢാലോചനയുണ്ടെന്നാണ് മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശനും ഭാഗ്യലക്ഷ്മിയും രണ്ട് അഭിഭാഷകരും തമ്മില്‍ നടത്തിയ ഫോണ്‍ രേഖകളടക്കമുള്ള റിപ്പോര്‍ട്ട് ഇതിന് പിന്നാലെ പോലീസ് ശേഖരിക്കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമാണ് ഈ അഭിഭാഷകനും അഭിഭാഷകയും. ഹര്‍ജിയില്‍ സര്‍ക്കാരിന് എതിരായുള്ള പരാമര്‍ശങ്ങളെക്കുറിച്ച് നടിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിചാരണക്കോടതി ജഡ്ജിയുടെ നിലപാടുകള്‍ക്കെതിരായാണ് ഹൈക്കോടതിയെ സമീപിക്കാന്‍ അതിജീവിത തീരുമാനിച്ചതെന്നാണ് വിവരം. ഈ ഹര്‍ജിയില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശം ഉണ്ടായത് വിവാദമായതോടെ അതില്‍ വിശദീകരണം നല്‍കുന്നതിനായാണ് നടി മുഖ്യമന്ത്രിയെ കണ്ടത്.
മുഖ്യമന്ത്രിയെ കാണുന്നതിനായി തിരുവനന്തപുരത്തെത്തിയ അതിജീവിതയ്ക്കൊപ്പം ഭാഗ്യലക്ഷ്മിയുമുണ്ടായിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയില്‍ ഭാഗ്യലക്ഷ്മിയെ ഒഴിവാക്കണമെന്ന് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള പ്രമുഖ സംവിധായകന് അതിജീവിതയോട് നേരത്തേ അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം ഭാഗ്യലക്ഷ്മിയോടും സംവിധായകന് സൂചിപ്പിച്ചിരുന്നു. ഇത് വകവെയ്ക്കാതെ ഭാഗ്യലക്ഷ്മി സെക്രട്ടറിയേറ്റില്‍ എത്തിയത് മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുകയായിരുന്നു. അതിജീവിതയുമായുള്ള കൂടിക്കാഴ്ചയില്‍ ഭാഗ്യലക്ഷ്മിയെ അകത്തു കയറ്റേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. നടിക്കൊപ്പം ഭര്‍ത്താവും സഹോദരനും മാത്രമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഹര്‍ജിയിലുണ്ടായ ആശയക്കുഴപ്പത്തെക്കുറിച്ച് നടി മുഖ്യമന്ത്രിയോട് വിശദീകരിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവന്ന നടി താന്‍ സര്‍ക്കാരിനെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മാധ്യമങ്ങളോട് പറയുകയും ചെയ്തു.
നടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ദിവസത്തെ കൈരളി ടിവിയുടെ സായാഹ്ന ചര്‍ച്ചയില്‍ ഭാഗ്യലക്ഷ്മി പങ്കെടുക്കുകയും കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. താനും കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നുവെന്ന മട്ടിലുള്ള ഭാഗ്യലക്ഷ്മിയുടെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശങ്ങളും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു.
ദിലീപിനെതിരായ അന്വേഷണം അട്ടിമറിക്കാന്‍ ഭരണമുന്നണിയിലെ ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പു തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ദേശമുണ്ടായിരുന്നെന്നും അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പരാമര്‍ശമുണ്ടായിരുന്നു. നടി സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതി ജഡ്ജിയെ ലക്ഷ്യംവെച്ചുള്ളതായിരുന്നെങ്കിലും മേല്പറഞ്ഞ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വലിയതോതില്‍ ചര്‍ച്ചയാക്കിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനും ഇടതുമുന്നണിക്കും ഇത് വലിയ തിരിച്ചടിയായേക്കാവുന്ന സാഹചര്യം സംജാതമാകുകയും ചെയ്തു. തുടര്‍ന്ന് ഇടതുമുന്നണിയിലെ ചില നേതാക്കള്‍ ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതികരിച്ചിരുന്നു. ഇതില്‍ ചില പ്രതികരണങ്ങള്‍ അതിരുകടക്കുകയും ചെയ്തു.
അതിജീവിതയുടെ ഹര്‍ജിയിലെ മിക്ക പരാമര്‍ശങ്ങളും ലക്ഷ്യം വെക്കുന്നത് വിചാരണക്കോടതി ജഡ്ജിയെയാണ്. ജഡ്ജിയുടെ കസ്റ്റഡിയിലുള്ള നടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ നിയമവിരുദ്ധമായി ചിലര്‍ക്ക് ലഭ്യമായെന്നും ഇത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 201, 204 എന്നീ വകുപ്പുകള്‍ പ്രകാരവും ഐടി ആക്ട് 2000ലെ 67 എ വകുപ്പു പ്രകാരവും കുറ്റകരമാണെന്നും നടിയുടെ ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സമര്‍പ്പിച്ചിട്ടും അത് കോടതി രേഖകളില്‍ പോലും ഉള്‍പ്പെടുത്താതിരുന്ന ജഡ്ജി കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ജഡ്ജിക്ക് സ്ഥാപിത താല്പര്യങ്ങളുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ ഗുരുതരമായ ആരോപണങ്ങള്‍ ജഡ്ജിക്കെതിരായി ഉന്നയിക്കുകയും അവര്‍ക്കെതിരെ നടപടികള്‍ ആവശ്യപ്പെടുകകയും ചെയ്യുന്ന ഒരു ഹര്‍ജി സര്‍ക്കാരിനെതിരായ ഒരു ഹര്‍ജിയായി മാത്രം ചര്ച്ചയാകപ്പെടാനുണ്ടായ സാഹചര്യമാണ് അതില്‍ ചേര്‍ക്കപ്പെട്ട ആ ഖണ്ഡിക മൂലം ഉണ്ടായത്.
Content Highlight: Petition against govt. in actress assault case: Bhagyalakshmi and VD Satheesan behind the conspiracy.