എന്തും വിളിച്ച് പറയാനാവില്ല: പോപ്പുലര്‍ ഫ്രണ്ട് വിദ്വേഷ മുദ്രാവാക്യത്തില്‍ ഹൈക്കോടതി
ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. റാലിയില്‍ പങ്കെടുക്കുന്നവര്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചാല്‍ റാലിയുടെ സംഘാടകര്‍ അതിന് ഉത്തരവാദികള്‍ ആണെന്ന് കോടതി പറഞ്ഞു. എന്തും വിളിച്ചു പറയാനാകില്ല. സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ശനിയാഴ്ച്ച ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയാണ് അന്‍സാര്‍ നജീബ് എന്ന വ്യക്തിയുടെ ചുമരിലേറിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. തനിക്ക് കുട്ടിയെ അറിയിലെന്നും കൗതുകം തോന്നിയതിനാലാണ് കുട്ടിയെ ചുമലിലേറ്റിയതെന്നും സംഭവത്തില്‍ അറസ്റ്റിലായ അന്‍സാര്‍ മൊഴി നല്കി. അന്‍സാറിനെ കൂടാതെ നവാസും അറസ്റ്റിലായിട്ടുണ്ട്.
റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കൊച്ചി പള്ളുരുത്തി സ്വദേശിയായ കുട്ടിയും കുടുംബവും നിലവില്‍ നട്ടില്നിന്ന് മാറി നില്‍ക്കുകയാണ്.
Content Highlight: High Court comment on hate slogan in PFI rally.