എൽഡിഎഫിന് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് വീഡിയോയെക്കുറിച്ച് പ്രചാരണം നടത്തുന്നതെന്ന് രമേശ് ചെന്നിത്തല
തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ പേരിൽ വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). അത് കോൺഗ്രസിൻ്റെ സംസ്കാരമല്ലെന്നും വ്യക്തിഹത്യ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനം ഒരുകാലത്തും നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇടതുമുന്നണിയ്ക്ക് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് വീഡിയോയെക്കുറിച്ച് പ്രചാരണം നടത്തുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയാതെ വന്നപ്പോഴാണ് ഇത്തരത്തിലുള്ള പ്രചരണവുമായി എൽ.ഡി.എഫ് മുന്നോട്ട് പോകുന്നത്. അത് ജനങ്ങൾ തിരിച്ചറിയുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
ആരാണ് വിഡിയോ പ്രചരിപ്പിച്ചതെന്നു സർക്കാർ കണ്ടുപിടിക്കട്ടെ. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഏറ്റവും അധികം വ്യക്തിഹത്യ നേരിട്ടയാളാണ് താനെന്നും ചെന്നിത്തല പറഞ്ഞു.
തൃക്കാക്കരയിൽ സർക്കാർ വിരുദ്ധവികാരം ശക്തമാണ്. പിടി തോമസ് നേടിയതിനേക്കാൽ ഭൂരിപക്ഷം ഉമ തോമസ് നേടുമെന്നും ചെന്നിത്തല പറഞ്ഞു.
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിൻ്റെ പേരിൽ അശ്ലീല വീഡിയോ പ്രചരിച്ചിരുന്നു. പ്രചാരണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു.
Content Highlight:
Ad hominem not our practice: Ramesh Chennithala on Jo Joseph’s fake video row