സ്കൂളുകൾ വീണ്ടും സജീവമാവുന്നു ; ഇത്തവണ ഒന്നാം ക്ലാസിലേക്കെത്തുന്നത് നാല് ലക്ഷത്തോളം കുട്ടികൾ
സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് തുറക്കും. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ നാല് ലക്ഷത്തോളം കുട്ടികളാണ് ഇന്ന് സ്കൂളിലെത്തുന്നത്. സംസ്ഥാന, ജില്ലാ, ഉപജില്ലാ സ്കൂൾ തലങ്ങളിൽ പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിക്കും. 42.9 ലക്ഷം കുട്ടികളാണ് ഈ അധ്യയന വർഷം വിദ്യാലയങ്ങളിലേക്ക് എത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉത്ഘാടനം കഴക്കൂട്ടം ഗവ. ഹയർസെക്കണ്ടറി സ്കൂളിലാണ്. രാവലെ ഒൻപതരക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവേശനോത്സവം ഉത്ഘാടനം ചെയ്യുന്നത്. സംസ്ഥാന തല പ്രവേശനോത്സവ ചടങ്ങുകൾ എല്ലാ വിദ്യാലയങ്ങളിലും ഓൺലൈനായി തത്സമയം വീക്ഷിക്കാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. ഈ ചടങ്ങിന് ശേഷമാണ് ജില്ലാതല ഉത്ഘാടന ചടങ്ങുകൾ നടക്കുക.
ആദ്യഘട്ടത്തിലേക്കുള്ള പാഠപുസ്തകങ്ങളും കൈത്തറി യൂനിഫോമും എല്ലാ വിദ്യാലയങ്ങളിലും എത്തിച്ചു. ഇത്തവണ 353 പുതിയ അധ്യാപകരാണ് വിദ്യാർഥികൾക്ക് അറിവ് പകരുന്നതിനായി എത്തുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് വിദ്യാർഥികൾ റെഗുലർ ക്ലാസുകളിലേക്ക് എത്തുന്നത്. കോവിഡ് ഭീതി പൂർണമായും വിട്ടുമാറാത്തതിനാൽ വലിയ മുൻകരുതലുകളാണ് വിദ്യാലയങ്ങളിൽ ഒരുക്കിയിട്ടുള്ളത്. അധ്യാപകരും വിദ്യാർഥികളും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ നിർദേശമുണ്ട്.
സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിമാഫിയകൾ പിടിമുറുക്കാൻ സാധ്യതയുണ്ടെന്ന വിവരങ്ങളുടെ പശ്ചാത്തലത്തിൽ സമീപത്തുള്ള കടകളെല്ലാം പരിശോധിക്കാൻ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
Content highlights: Kerala School Reopening, Pravesanolsavam Inaugurated by Pinarayi Vijayan