തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി; മരിച്ചവരില്‍ നാല് കുട്ടികളും 11 സ്ത്രീകളും

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ചികിത്സയില്‍ ഇരുന്ന മൂന്ന് പേര് കൂടി മരിച്ചു. ഡല്‍ഹി ലേഡി ഹാര്‍ഡിങ് ആശുപത്രിയില്‍ എത്തിച്ച മൂന്ന് പേരാണ് മരിച്ചത്. മരിച്ചവരില്‍ നാല് കുട്ടികളും 11 സ്ത്രീകളും ഉണ്ട്. സംഭവത്തില്‍ 50ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇനിയും എത്ര മരണം സംഭവിക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല. മരണ നിരക്ക് കൂടാനാണ് സാധ്യത.
ശനിയാഴ്ച രാത്രിയിലാണ് സംഭവം. കുംഭമേളയ്ക്ക് പോകാനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ആളുകള്‍ക്കാണ് പരിക്കേറ്റത്. 14, 15 പ്ലാറ്റ്ഫോമുകളിലായിരുന്നു വലിയ തിരക്കുണ്ടായത്. പ്രയാഗ്രാജ് എക്സ്പ്രസില്‍ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോം നമ്പർ 14ല്‍ നിന്നായിരുന്നു ഈ ട്രെയിന്‍. 12, 13 പ്ലാറ്റ്ഫോമുകളില്‍ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസുകള്‍ വൈകിയതോടെ ഈ പ്ലാറ്റ്ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടര്‍ന്നാണു തിക്കും തിരക്കും ഉണ്ടായത്.