നീലേശ്വരം കളിയാട്ടത്തിനെതിരേ വെടിക്കെട്ട് പുരക്ക് തീപിടിച്ചു; 154 പേര്ക്ക് പരിക്ക്
നീലേശ്വരത്ത് കളിയാട്ടം ഉല്സവത്തിനിടെ വെടിക്കെട്ട് പുരക്ക് തീപിടിച്ചുണ്ടായ അപകടത്തില് 154 പേര്ക്ക് പരിക്ക്.
എട്ടു പേരുടെ നില ഗുരുതരമാണെനാണ് സൂചന. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, ജില്ലയിലെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികള്, പരിയാരം മെഡിക്കല് കോളജ് എന്നിവിടങ്ങളില് എത്തിച്ചു.
ഇന്ന് പുലര്ച്ചെ 12.30ഓടെ നീലേശ്വരം തെരു അഞ്ഞൂറ്റമ്ബലം വീരര്ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെയാണ് പടക്കപ്പുരക്ക് തീപിടിച്ചത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേര്ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുള്പ്പെടെയുള്ളവര് തെയ്യം കാണാന് കൂടിനിന്നിരുന്നു. ഇവര്ക്കെല്ലാം പൊള്ളലേറ്റു.
പൊട്ടിത്തെറിയുണ്ടായതോടെ ആളുകള് ചിതറിയോടി. തിക്കിലും തിരക്കിലും പരിക്കേറ്റവരും നിരവധിയാണ്. ജില്ലാ കളക്ടര്, ജില്ലാ പോലീസ് മേധാവി എന്നിവര് രാത്രി തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്ത്തനം ഏകോപിപ്പിച്ചു. സംഭവത്തില് പോലിസ് കേസെടുത്തു.