പിറന്നാള്‍ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി; 17കാരന് ഷോക്കേറ്റ് മരിച്ചു
ഇന്നലെ നടന്നൊരു ദാരുണമായ സംഭവമാണ്. ഇടപ്പള്ളിയിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിനിനു മുകളിൽ കയറിയ പതിനേഴുകാരൻ റെയിൽവേ വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചു. പോണേക്കര വൈമേലിൽ വീട്ടിൽ ജോസ് ആന്റണി–-സൗമ്യ ദമ്പതികളുടെ ഏകമകനായ ആന്റണി ജോസാണ് മരിച്ചത്. പിറന്നാളിന് കേക്ക് വാങ്ങാനായി ഇറങ്ങിയതായിരുന്നു ആന്റണിയും കൂട്ടുകാരും. നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ അടിയിലൂടെ കൂട്ടുകാർ ആദ്യം ട്രാക്കിനു മറുവശത്തേക്കു കടന്നു. എന്നാൽ മറുഭാഗത്തേക്ക് ഇറങ്ങാൻ ആന്റണി ട്രെയിനിന്റെ മുകളിലേക്ക് കയറിയതോടെ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. കൂട്ടുകാർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതിനെത്തുടർന്ന് ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 90 ശതമാനം പൊള്ളലേറ്റിരുന്നു ആൻ്റണിക്ക്. ഇഎംസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി എട്ടു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തില്‍ ആർ.പി.എഫ് അന്വേഷണം ആരംഭിച്ചു. തൃക്കാക്കര കെഎംഎം കോളജിൽ ബിസിഎ ഒന്നാംവർഷ വിദ്യാർഥിയാണ് ആന്റണി. സുഹൃത്തുക്കളുമായി പന്തയം വെച്ചാണ് യുവാവ് ട്രെയിനിന് മുകളില്‍ കയറിയതെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
പന്തയത്തിലോ അല്ലെങ്കിൽ കൂട്ടുകാരുടെ മുന്നിൽ ജയിക്കാനോ ആയാലും സാമാന്യ യുക്തിക്ക് നിരക്കാത്ത ഒരു കാര്യമാണ് ഇലക്ട്രിക് ട്രെയിനിന്റെ മുകളിൽ കയറുക എന്നത്.
പണ്ട് കൽക്കരി ഉപയോഗിച്ച് ഓടുന്ന തീവണ്ടികൾക്ക് മുകളിൽ കയറിയുള്ള യാത്രകൾ ഇന്ത്യയിൽ സർവസാധാരണമായിരുന്നു. എന്നാൽ ഇന്ന് ട്രെയിനിന് മുകളിൽ കയറുക എന്നാൽ മരണത്തിലേക്കുള്ള യാത്ര തന്നെയാണ്. ഇത്രയും ആളുകളെയും, അല്ലെങ്കിൽ ചരക്കുകളുമായി കുതിച്ചുപായുന്ന തീവണ്ടിയിൽ അതിശക്തമായ വൈദ്യുതി തന്നെയാണ് ഉപയോഗിക്കുന്നത് എന്ന കാര്യം അറിയാതിരിക്കുന്നത് എങ്ങനെയാണ്.. നമ്മുടെ വീടുകളിൽ 220 വോൾട് ആണ് ഉള്ളതെങ്കിൽ ട്രെയിനുകളിൽ അത് ഏതാണ്ട് 25000 വോൾട് ആണ്.
ട്രെയിനിന് മുകളിലൂടെ പോകുന്ന ഓവർഹെഡ് ലൈനുകൾ ആണ് വൈദ്യുതി എത്തിക്കുന്നത്. തീവണ്ടിയുടെ മുകളിലുള്ള ലോഹദണ്ഡുകളിലൂടെയാണ് വൈദ്യുതി തീവണ്ടിയിൽ എത്തിക്കുന്നത്. എന്നാൽ പല മെട്രോ ലൈനുകളിലും ട്രാക്കിന് നടുവിലെ പ്രത്യേക വൈദ്യുത പാളത്തിൽ നിന്നാണ് ട്രെയിനിന് ആവശ്യമായ വൈദ്യുതി ലഭിക്കുന്നത്. ഈ വൈദ്യുത പാളത്തെ തേഡ് റെയിൽ എന്നും പറയാറുണ്ട് . ഈ രണ്ട് മാര്‍ഗങ്ങളില്‍ ഏതിലായാലും മനുഷ്യൻ സ്പർശിച്ചാൽ മരണം ഉറപ്പാണ്. വൈദ്യുത ലൈനിൽ തൊടുന്ന ആ സെക്കന്റിൽ തന്നെ മനുഷ്യ ശരീരം കത്തിക്കരിയും. ഇങ്ങനെ ഒരുപാട് അപകടങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുണ്ട്.
2006ൽ കൊല്ലത്ത് ട്രെയിൻ തടയൽ സമരത്തിനെത്തിയ 11 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഇങ്ങനെ ഷോക്ക് ഏറ്റിരുന്നു. സമരക്കാരുടെ കയ്യിൽ ഉണ്ടായിരുന്ന കൊടിയുടെ അറ്റം റെയിൽവേ വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു. ഭാഗ്യത്തിനാണ് അന്ന് വൻ ദുരന്തം ഒഴിവായത്.
സിനിമയിൽ നമ്മൾ കാണുന്ന ട്രെയിനിന് മുകളിൽ കയറിയുള്ള ഫൈറ്റ് സീനും പാട്ടും ഡാൻസുമെല്ലാം വളരെ സേഫ് ആയി വൈദ്യുതി ഇല്ലാതെ ഷൂട്ട് ചെയ്യുന്നതാണ്. അതെല്ലാം കണ്ട് അനുകരിക്കാൻ ശ്രമിച്ചാൽ മരണം ഉറപ്പാണ്. ഇക്കാര്യം റെയിൽവേ പല തവണ മുന്നറിയിപ്പ് നല്‍കിയതുമാണ്. 17 വയസ്സുള്ള, അതും മാതാപിതാക്കളുടെ ഏക മകനായ ഒരു വിദ്യാർത്ഥിയുടെ ജീവനാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്. സ്വയം വരുത്തി വെച്ച ദുരന്തം, അല്ലെങ്കിൽ കൂട്ടുകാരുമായുള്ള ആഘോഷത്തിൽ പറ്റിയ അപകടം എന്നൊക്കെ പറയാമെങ്കിലും, ആ വീട്ടുകാരുടെ അവസ്ഥ ദാരുണം തന്നെയാണ്. സുഹൃത്തുക്കളുമായി ആഘോഷങ്ങൾ നടത്തുമ്പോൾ സാഹസികമായ പ്രവർത്തികൾ ഒഴിവാക്കാൻ ശ്രമിക്കുക എന്നെ പറയാനുള്ളൂ. ഒരു നിമിഷത്തെ തോന്നലിൽ ചെയ്യുന്ന കാര്യങ്ങൾ അവസാനിക്കുന്നത് അനിവാര്യമായ ദുരന്തത്തിലേക്ക് ആയിരിക്കും.