നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഓടി രക്ഷപ്പെട്ട ഡ്രൈവർ കസ്റ്റഡിയിൽ

നെടുമങ്ങാട് ഇരിഞ്ചിയത്ത് അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ കസ്റ്റഡിയിൽ. ഒറ്റശേഖരമംഗലപുരം സ്വദേശി അരുൾദാസാണ് പൊലീസ് പിടിയിലായത്. അപകടത്തിന് പിന്നാലെ അവിടുന്ന് ഓടിപ്പോയ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. ഇയാൾക്ക് നിസാര പരിക്കുകളുണ്ട്.
കാട്ടാക്കടയിൽ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് ഇരിഞ്ചിയത്ത് വച്ച് മറിഞ്ഞത്. സംഭവത്തിൽ ഒരാൾ മരിച്ചിരുന്നു. 40പേർക്ക് പരിക്കേറ്റു. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദപരിശോധന ഇന്ന് നടക്കും. അതേസമയം, അപകടത്തിൽപ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അടുത്തുണ്ടായിരുന്നവർ പറയുന്നത്. ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. സാരമായ പരിക്കേറ്റ 20 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.