ട്രെയിൻ തട്ടിയുള്ള അപകടങ്ങൾ, ബോധവൽക്കരണവുമായി ആർപിഎഫ്

ഇടപ്പള്ളിക്കും നോർത്ത് കളമശേരിയ്ക്കുമിടയിലായി ട്രെയിൻ തട്ടിയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനു ബോധവൽക്കരണവുമായി ആർപിഎഫ്. ലെവൽക്രോസുകളിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നതും അനധികൃതമായി റെയിലിനു മുകളിലൂടെ കുറുകെ കടക്കുന്നതും വരുത്തിവയ്ക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനാണു ബോധവൽക്കരണ ശ്രമങ്ങളുമായി നോർത്ത് സ്റ്റേഷനിൽ നിന്നുള്ള ആർപിഎഫ് സംഘം മുന്നിട്ടിറങ്ങിയത്. ഒരാഴ്ചക്കിടയിൽ ഈ മേഖലയിൽ 3 പേരെ ട്രെയിൻ തട്ടി. ഇവരിൽ 2 പേർ മരിച്ചു. ഒരാൾക്കു പരുക്കേറ്റു.ഇന്നലെ സൈക്കിളുമായി പാളം കുറുകെക്കടന്ന ഒഡീഷ സ്വദേശിയെയാണ് ട്രെയിൻ തട്ടിയത്. പരുക്കേറ്റ ഇയാളെ എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശേരിയിൽ എച്ച്എംടി ജംക്ഷൻ, സൗത്ത്കളമശേരി, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, വട്ടേക്കുന്നം എന്നിവിടങ്ങളിലെല്ലാം ആളുകൾ റെയിലിനു മുകളിലൂടെ കുറുകെ കടക്കുന്നതു പതിവാണ്. വട്ടേക്കുന്നത്തു ലെവൽക്രോസ് ഒഴിവാക്കി തുരങ്കപാതയും സൗത്ത് കളമശേരിയിൽ മേൽപാലവും നിർമിച്ചിട്ടുണ്ടെങ്കിലും കാൽനട യാത്രക്കാർ പാളം കുറുകെ കടന്നാണു പോകുന്നത്. എച്ച്എംടി ജംക്ഷനിൽ വിദ്യാർഥികളടക്കമാണു മേൽപാലത്തിനടിയിലൂടെ റെയിൽ കുറുകെ കടന്നു നടന്നുപോകുന്നത്.