യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ സ്കേറ്റിങ് താരങ്ങളും
വാഷിങ്ടൺ: യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ 14 സ്കേറ്റിങ് താരങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ . സ്കേറ്റിങ് മുന്‍ ലോക ജേതാക്കളായ യെവ്ജീനിയ ഷിഷ്കോവയും വാദിം നൗമോവും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്കേറ്റിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ക്യാമ്പിൽ നിന്ന് മടങ്ങുകയായിരുന്നു സംഘം.
യുഎസിലെ വിചിറ്റയിലെ നാഷണൽ ഡെവലപ്മെന്റ് ക്യാമ്പിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവരെന്നാണ് വിവരം. റഷ്യൻ വംശജരായ യെവ്ജീനിയ ഷിഷ്കോവയും വാദിം നൗമോവും വർഷങ്ങളായി അമേരിക്കയിൽ താമസിച്ച്, യുവ സ്കേറ്റർമാരെ പരിശീലിപ്പിച്ച് വരികയായിരുന്നു. 1994ൽ ലോക സ്കേറ്റിങ് ചാമ്പ്യൻഷിപ്പിലെ ജേതാക്കളായിരുന്നു ഇവർ. ഇവരുടെ മകനും അപകടം നടക്കുമ്പോൾ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം.
ബുധനാഴ്ച രാത്രി വാഷിംഗ്ടൺ ഡിസിക്ക് സമീപം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിചാണ് 60 യാത്രക്കാരും നാല് ജീവനക്കാരും സഞ്ചരിച്ച അമേരിക്കൻ എയർലൈൻസ് ജെറ്റ് പൊട്ടോമാക് നദിയിൽ തകർന്നു വീണത് .













