നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിൻെ മരണത്തില്‍ സൈക്കാട്രി വിഭാഗം അധ്യാപകനെ പ്രതിയാക്കണമെന്ന് പിതാവ്

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിൻെ മരണത്തില്‍ സൈക്കാട്രി വിഭാഗം അധ്യാപകൻ സജിയെ ഒന്നാം പ്രതിയാക്കണമെന്ന ആവശ്യവുമായി അമ്മുവിന്റെ പിതാവ് സജീവ്. ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ സൈക്കാട്രി വിഭാഗം അധ്യാപകൻ സജിക്കെതിരെയാണ് പരാതി. പത്തനംതിട്ട ഡിവൈഎസ്പിക്ക് പരാതി നൽകി. അധ്യാപകൻ്റെ സാന്നിധ്യത്തിലാണ് സഹപാഠികൾ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചന്നും അധ്യാപകൻ കൗൺസിലിംഗ് അല്ല കുറ്റവിചാരണയാണ് നടത്തിയത് എന്നും പരാതിയിൽ പറയുന്നു.
നവംബർ 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് സജീവ് ആരോപിച്ചിരുന്നു. കോളേജ് പ്രിന്‍സിപ്പലും വാര്‍ഡനും പറയുന്ന കാര്യങ്ങള്‍ക്ക് സ്ഥിരതയില്ലെന്നും കോളേജിന് അടുത്ത് നിരവധി ആശുപത്രികള്‍ ഉണ്ടായിട്ടും കുട്ടിയെ ചികിത്സയ്ക്കായി ദൂരേയ്ക്ക് കൊണ്ടുപോയതിൽ സംശയമുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരനും പറഞ്ഞിരുന്നു.