ജി പി എസ് ചതിച്ചു ,പ്രളയത്തിൽ പാലം പകുതി തകര്‍ന്നുപോയത് അപ്ഡേറ്റ് ആയിരുന്നില്ല ;സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ഉത്തര്‍പ്രദേശിലെ ഫരീദ്പൂരില്‍ ജി പി എസ് സംവിധാനം നോക്കി കാറില്‍ യാത്രതിരിച്ച രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര് പണിതീരാത്ത പാലത്തില്‍നിന്ന് പുഴയില്‍ വീണ് മരിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് അപകടം. വിവേക് കുമാറും അമിതുമാണ് മരണപ്പെട്ട സഹോദരങ്ങള്‍. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല.
ബറേലിയില്നിന്നു ദധാഗഞ്ചിലേക്ക് ജി.പി.എസ്. സഹായത്തോടെ പോവുകയായിരുന്നു ഇവര്‍. ഫരീദ്പൂരില്‍ എത്തിയതോടെ പാതി തകര്‍ന്നുപോയ പാലത്തിലേക്ക് ജി.പി.എസ്. വഴികാട്ടുകയായിരുന്നു. തുടര്‍ന്ന് പാലത്തിന്റെ അറ്റത്തുനിന്ന് 50 അടി താഴ്ച്ചയിലുള്ള പുഴയിലേക്ക് കാര്‍ വീണു.
രാമഗംഗ നദിയില്‍ വീണ കാറിനെ നാട്ടുകാർ പുറത്തെടുക്കുകയുമായിരുന്നു. സംഭവത്തില്‍ പോലിസ് നടപടിയെടുത്തു.ഈ വര്‍ഷം തുടക്കമുണ്ടായ പ്രളയത്തിലാണ് പാലം പകുതി തകര്‍ന്നുപോയത്. എന്നാല്‍ ഇക്കാര്യം ജിപിഎസ് സംവിധാനത്തില്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലായിരുന്നു. ഇതറിയാതെ ജിപിഎസ് സംവിധാനത്തെ ആശ്രയിച്ചു വന്ന സഹോദരങ്ങള്‍ അപകടത്തില്‍പെടുകയായിരുന്നുവെന്ന് സർക്കിള്‍ ഇന്‍സ്പെക്ടര്‍ അശുതോഷ് ശിവം പറഞ്ഞു .അധികൃതര്‍ അപായസൂചനകളൊന്നും സമീപപ്രദേശത്ത് വെച്ചില്ലെന്നും അപകടത്തില്‍ അധികൃതരും കുറ്റക്കാരാണെന്നും സഹോദരങ്ങളുടെ കുടുംബം ആരോപിച്ചു. ഉടന്‍ നടപടിയെടുക്കണമെന്നും കുടുംബം അധികൃതരോട് ആവശ്യപ്പെട്ടു.