മൂന്നരവയസുകാരി ഗുരുതരാവസ്ഥയിൽ, കുഞ്ഞ് വീണ സംഭവം മറച്ചുവെച്ചു ; അംഗനവാടി അധികൃതർക്ക് സസ്പെൻഷൻ
മൂന്നരവയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടി അധ്യാപികയെയും ഹെല്‍പ്പറെയും സസ്പെന്‍ഡ് ചെയ്തു.മാറനല്ലൂര്‍ എട്ടാം വാര്‍ഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെല്‍പ്പര്‍ ലതയെയും ആണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. രതീഷ് സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് അങ്കണവാടിയില്‍ വീണതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.
വ്യാഴാഴ്ച വൈകുന്നേരം പതിവ് പോലെ കുട്ടിയെ അങ്കണവാടിയില്‍ നിന്നും വീട്ടിലേക്ക് അച്ഛന് കൂട്ടികൊണ്ടുവന്നു.അപ്പോഴൊക്കെ കുഞ്ഞ് തീര്‍ത്തും ക്ഷീണിതയായിരുന്നു. അല്‍പ്പ സമയത്തിന് ശേഷം കുട്ടി നിര്‍ത്താതെ ഛര്‍ദ്ദിക്കാനും തുടങ്ങി. അതേ അങ്കണവാടിയിലാണ് വൈഗയുടെ ഇരട്ട സഹോദരനും പഠിക്കുന്നത്. വൈഗ ഉച്ചയ്ക്ക് ജനലില്‍ നിന്ന് വീണുവെന്ന് സഹോദരൻ മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് കുട്ടിയുടെ അമ്മ പരിശോധിച്ചപ്പോള്‍ തലയുടെ പുറക് വശം മുഴച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടനെ കണ്ടലയിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ് എ ടിയിലും കുട്ടിയെ എത്തിച്ചു. കുഞ്ഞിന് സ്പൈനല്‍ കോഡിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് . തലയില്‍ ആന്തരിക രക്തസ്രാവവുമുണ്ട്.
സംഭവത്തെക്കുറിച്ച് അങ്കണവാടി അധ്യാപികയോട് ചോദിച്ചപ്പോള്‍, കസേരയില്‍ നിന്ന് കുഞ്ഞ് വീണിരുന്നുവെന്നും രക്ഷിതാക്കളോട് പറയാന്‍ മറന്നു പോയിയെന്നുമായിരുന്നു മറുപടി നൽകിയതെന്നും മാതാപിതാക്കള്‍ പറയുന്നു. മാറനല്ലൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ ആകെ ആറ് കുട്ടികളാണുള്ളത്. കുട്ടി ക്ലാസില്‍ വീണിരുന്നുവെന്നും എന്നാല്‍ അങ്കണവാടിയില്‍ വെച്ച് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നുവെന്നും ആയിരുന്നു അങ്കണവാടി അധ്യാപികയുടെ മറുപടി.കുഞ്ഞ് വീണിട്ടും ആശുപത്രിയിലെത്തിക്കാനോ പ്രാഥമിക ശുശ്രൂഷ പോലും നൽകാനോ അങ്കണവാടി ജീനക്കാര്‍ തയ്യാറായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. ബാലാവകാശ കമ്മീഷൻ അംഗം dr .f വിൽസൺ എസ് എ ടി ആശുപത്രിയിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി . അംഗനവാടി അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചത് കണ്ടെത്തിയതിനു പിന്നാലെ സംഭവത്തില്‍ ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു.ഈ മാസം 21 നു നടന്ന സംഭവം ഇന്നലെ ശിശുക്ഷേമ സമിതി പ്രവർത്തകർ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് പുറത്തറിയുന്നത് .