തേങ്ങയ്ക്ക് പൊന്നും വില,നാട്ടിൻപുറങ്ങളിൽ തേങ്ങ മോഷണം വർധിക്കുന്നു

തേങ്ങയ്ക്കു വില കുതിച്ചുയർന്നതോടെ നാട്ടിൻപുറങ്ങളിൽ തേങ്ങ മോഷണം വർധിക്കുന്നു. തേങ്ങാപ്പുരയ്ക്കും തോട്ടത്തിനും കാവലിരിക്കേണ്ട സ്ഥിതിയാണു നാളികേര കർഷകർ. വിപണിയിൽ തേങ്ങയ്ക്ക് പൊന്നും വിലയായതോടെ നാളികേര കർഷകർ ഏറെ പ്രതീക്ഷയിലാണ്. എന്നാൽ ഇതിനിടയിലാണു തേങ്ങ മോഷ്ടാക്കളുടെ ശല്യം പതിവായത്. പറമ്പുകളിൽ വീണു കിടക്കുന്ന തേങ്ങകൾ മോഷണം പോകുന്നതു പതിവാണെന്നു കൊടുവള്ളിയിലെ വിവിധ പ്രദേശങ്ങളിലെ കർഷകർ പറയുന്നു. തെങ്ങിൽ കയറി പറിച്ചും, തേങ്ങാക്കൂട്ടിൽ നിന്നും തേങ്ങ മോഷണം നടക്കുന്നുണ്ട്. വീട്ടാവശ്യത്തിനായി കരുതിവച്ചതടക്കം കള്ളന്മാർ കൊണ്ടുപോകുന്ന സ്ഥിതിയാണ്. വലിയവരും കുട്ടി മോഷ്ടാക്കളും സംഘത്തിലുണ്ട്.പെട്ടെന്ന് ആളുകൾക്ക് എത്തിപ്പെടാൻ കഴിയാത്ത പറമ്പുകളിൽ നിന്നാണു തേങ്ങ മോഷ്ടിച്ചു കടത്തുന്നത്. വാവാടും പരിസരപ്രദേശങ്ങളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ പറമ്പുകളിൽ നിന്നും മോഷ്ടാക്കൾ തേങ്ങ കടത്തി കൊണ്ടുപോയതായി പ്രദേശവാസികൾ പരാതിപ്പെട്ടു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മോഷണം പെരുകിയതോടെ നാട്ടുകാർ പ്രയാസപ്പെടുകയാണ്.