ഇലോണ്‍ മസ്കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് ;ലൈസൻസ് അനുവദിക്കാൻ കേന്ദ്രം നീക്കമെന്നു റിപ്പോർട്ട്
ആഗോള സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ഭീമൻ സ്റ്റാർലിങ്കിന് ലൈസൻസ് അനുവദിക്കാൻ കേന്ദ്രം നീക്കമെന്നു റിപ്പോർട്ട്. ശതകോടീശ്വരൻ ഇലോണ്‍ മസ്കിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റാർലിങ്ക്.ചില നിബന്ധനകളില്‍ ഇളവ് വരുത്തി ലൈസൻസ് അനുവദിക്കാനാണ് നീക്കമെന്നാണ് വാർത്തകള്‍.
ഇന്ത്യയില്‍ സേവനം ആരംഭിക്കുന്നതിനായി കേന്ദ്ര സർക്കാരിനോട് സ്റ്റാർലിങ്ക് ചില വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ടതായി ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സർക്കാർ സ്റ്റാർലിങ്കിൻ്റെ അഭ്യർത്ഥന പരിഗണിക്കുന്നതായും ഇരുകൂട്ടർക്കും സമ്മതമായ പരിഹാരത്തിലേയ്ക്ക് എത്തിച്ചേരാൻ ശ്രമിക്കുന്നതായും റിപ്പോർട്ടില്‍ പറയുന്നു.
2022 ഒക്ടോബറിലാണ് സ്റ്റാർലിങ്ക് ഗ്ലോബല്‍ പേഴ്സണസല്‍ കമ്മ്യൂണിക്കേഷൻ ബൈ സാറ്റ്ലൈറ്റ് ലൈസൻസിന് അപേക്ഷിച്ചത്. 20 വർഷത്തേയ്ക്കാണ് ജിഎംപിസിഎസ് ലൈസൻസ് അനുവദിക്കുന്നത്. ലൈസൻസ് അനുവദിക്കപ്പെടുന്ന കമ്ബനികള്‍ക്ക് ലൈസൻസില്‍ പറഞ്ഞിരിക്കുന്ന സർവീസ് മേഖലകളില്‍ സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻ സർവീസ് നടത്താനാണ് അനുമതിയുള്ളത്. എന്നാല്‍ ഇന്ത്യയില്‍ നിലവിലുള്ള ലൈസൻസ് മാനദണ്ഡങ്ങള്‍ പ്രകാരം സ്റ്റാർലിങ്കിന് അനുമതി നല്‍കിയിരുന്നില്ല. ഇന്ത്യയില്‍ സാറ്റലൈറ്റ് ഇൻ്റർനെറ്റ് സേവനം തുടങ്ങും മുമ്പ് സ്റ്റാർലിങ്ക് പാലിക്കേണ്ട ചില നിയന്ത്രണങ്ങള്‍ ഉണ്ട്. അത് പാലിക്കപെടാത്ത മൂലമാണ് അനുമതി നീണ്ടുപോയത്.
ഇന്ത്യൻ ഉപയോക്താക്കളുടെ ഡാറ്റ എവിടെ സംഭരിക്കും എന്നതായിരുന്നു പ്രധാന പ്രശ്നം. സ്റ്റാർലിങ്കിൻ്റെ സേവനങ്ങള്‍ ഉപയോഗിക്കുമ്പോഴും, വ്യക്തിഗത വിശദാംശങ്ങള്‍, ബ്രൗസിംഗ് വിവരങ്ങള്‍ അല്ലെങ്കില്‍ സ്ട്രീമിംഗ് മുൻഗണനകള്‍ എന്നിവ പോലുള്ള ഡാറ്റകള്‍ ഇന്ത്യയുടെ അതിർത്തിക്കുള്ളില്‍ തന്നെ നില്‍ക്കണം എന്നത് നിർബന്ധമാണ്. ഇവ ഇന്ത്യയ്ക്കുള്ളിലെ സെർവറുകളില്‍ പ്രോസസ്സ് ചെയ്യണം . അതോടൊപ്പം മറ്റൊരു പ്രശ്നം കടലിലോ മറ്റോ ഒരാള്‍ സ്റ്റാർലിങ്കിൻ്റെ ഇൻ്റർനെറ്റ് ഉപയോഗിച്ചാൽ . ആ ഡാറ്റ ഒരു ഉപഗ്രഹത്തിലേക്ക് അയയ്ക്കുകയും . ആ ഡാറ്റ ഇന്ത്യക്ക് പുറത്തുള്ള ഒരു ഗേറ്റ്വേയിലൂടെ പ്രോസസ്സ് ചെയ്യുകയാണെങ്കില്‍, സർക്കാരിന് അതിന്മേല് നിയന്ത്രണമില്ല. അതൊരു വലിയ പ്രശ്നമാണ്. പ്രത്യേകിച്ചും നിർണായക ആശയവിനിമയങ്ങളോ സെൻസിറ്റീവ് വിവരങ്ങളോ ഉള്‍പ്പെട്ടിരിക്കുമ്പോൾ
അതിനാല്‍, ഇന്ത്യൻ വ്യോമാതിർത്തിയിലൂടെയോ വെള്ളത്തിലൂടെയോ കടന്നുപോകുന്ന ഏതൊരു ഇൻ്റർനെറ്റ് ട്രാഫിക്കും പ്രാദേശിക ഗേറ്റ്വേയിലൂടെ പോകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
ഇതോടൊപ്പം ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ചൈനയോ പാക്കിസ്ഥാനോ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരോ ഓഹരി ഉടമകളോ സ്റ്റാർലിങ്കിന് ഉണ്ടാകരുതെന്നും നിബന്ധനയുണ്ട്. ഇവർക്ക് ഡാറ്റയിലേക്കുള്ള ആക്സസ് അല്ലെങ്കില്‍ കമ്പനി തീരുമാനങ്ങളിലെ സ്വാധീനമാണ് സർക്കാർ പ്രശ്നം. ഇതെല്ലാം പരിഗണിക്കാൻ സ്റ്റാർലിങ്ക് തയ്യാറായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ചില മാനദണ്ഡങ്ങള്‍ സാങ്കേതികമായി അപ്രായോഗികമാണെന്ന നിലപാടാണ് സ്റ്റാർലിങ്ക് സ്വീകരിച്ചിരിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.