കാറുകളുടെ വില കൂടൂം, ജനുവരി മുതല്‍ വര്‍ധനവ്
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ജനുവരി മാസം മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു.
ഇവര്‍ക്ക് പുറമെ, മറ്റൊരു ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സും വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്രയും പുതുവര്‍ഷത്തില്‍ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്നാണ് സൂചനകള്‍. എത്ര ശതമാനമാണ് വര്‍ധിപ്പിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ ആഡംബര വാഹനങ്ങളും വില വര്‍ധിപ്പിക്കുന്നതിനുള്ള അറിയിപ്പ് നല്‍കിയിരുന്നു. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയാണ് ഇന്ത്യന്‍ വിപണിയില്‍ ആദ്യ വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനനിരയിലെ എല്ലാ മോഡലുകളുടെയും വില രണ്ട് ശതമാനം ഉയരുമെന്നാണ് ഔഡി അറിയിച്ചിരിക്കുന്നത്. മറ്റ് ആഡംബര വാഹന നിര്‍മാതാക്കള്‍ ഇതുവരെയും വില വര്‍ധനവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.