തണുത്ത് വിറച്ച് ദില്ലി; താപനില 4.5 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു
തലസ്ഥാനമായ ദില്ലിയിൽ അതിശൈത്യം. ദില്ലിയിലെ ഏറ്റവും കുറഞ്ഞ താപനില 4.5 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഇന്ന് ദില്ലിയിൽ സീസണിലെ ഏറ്റവും വലിയ തണുപ്പാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 4.9 ഡിഗ്രി സെൽഷ്യസായിരുന്നു സീസണിലെ ഏറ്റവും കുറഞ്ഞ താപനില.
തുടർച്ചയായ രണ്ടാം ദിവസവും 24 മണിക്കൂർ ശരാശരി താപനിലയിൽ -0.4 ഡിഗ്രി സെൽഷ്യസിൻ്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സഫ്ദർജംഗ് കാലാവസ്ഥാ സ്റ്റേഷനിൽ രാവിലെ 8:30 ന് 4.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണ താപനിലയേക്കാൾ നാല് പോയിൻ്റ് കുറവാണ്. അതേസമയം, പാലം കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയ കുറഞ്ഞ താപനില രാവിലെ 8:30 ന് 6 ഡിഗ്രി സെൽഷ്യസാണ്. ഇത് സാധാരണയിൽ നിന്ന് മൂന്ന് ഡിഗ്രി കുറവാണ്. പാലം സ്റ്റേഷനിൽ 24 മണിക്കൂർ ശരാശരി താപനിലയിൽ -0.2 ഡിഗ്രിയുടെ മാറ്റമാണ് രേഖപ്പെടുത്തിയത്.