ഓസ്ട്രേലിയയിൽ വളർത്തിയ ആളെ ആക്രമിച്ച് കൊന്ന് കംഗാരു
ഓസ്ട്രേലിയയിൽ വളര്‍ത്തിയ ആളെ തന്നെ ആക്രമിച്ച് കൊന്ന് കംഗാരു. 86 വർഷത്തിനിടയിൽ ആദ്യത്തെ മാരകമായ ആക്രമണമാണ് ഇതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓസ്ട്രേലിയയിലെ ജനസാന്ദ്രത കുറഞ്ഞ തെക്കൻ പട്ടണമായ റെഡ്മണ്ടിൽ നിന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഗുരുതരമായ പരിക്കുകളോടെ 77 കാരന്റെ മൃതദേഹം കണ്ടെത്തിയത്. കംഗാരു ഇയാളെ ആക്രമിച്ചതാണെന്നാണ് നിഗമനം. ഈ പ്രദേശത്ത് ആംബുലൻസ് ജീവനക്കാർ എത്തുമ്പോൾ കംഗാരുവിനെ കണ്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഉടൻതന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
കംഗാരു ആക്രമണ സ്വഭാവം കാണിച്ചതിനാൽ വെടി വെച്ച് കൊല്ലേണ്ടി വന്നെന്നും പൊലീസ് വ്യക്തമാക്കി. കംഗാരുവിനെ ഇയാൾ വളർത്തിയിരുന്നുവെന്നാണ് കരുതുന്നത്. അവസാനമായി മാരകമായ കംഗാരു ആക്രമണം റിപ്പോർട്ട് ചെയ്തത് 1936 ൽ ആണെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ പറയുന്നത്. ഈ സംഭവത്തിനു ശേഷം ആക്രമിക്കപ്പെട്ട 38 കാരനായ വില്യം ക്രൂക്ക്ഷാങ്ക് ആശുപത്രിയിൽ മരിച്ചു എന്നാണ് റിപോർട്ടുകൾ വന്നത്. ഒരു വലിയ കംഗാരുവിൽ നിന്നും രണ്ട് നായ്ക്കളെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഇയാളുടെ താടിയെല്ലിന് പൊട്ടലും തലയ്ക്ക് സാരമായ പരിക്കുകളും ഏറ്റിരുന്നു.
content highlights – kangaroo attacked, killed a man