കരമനയിലെ യുവാവിന്റെ കൊലപാതകത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു; ഒരാള്‍ കസ്റ്റഡിയില്‍
കരമനയില്‍ യുവാവിനെ ഹോളോബ്രിക്സുകൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്.
വട്ടപ്പാറ സ്വദേശി കിരണ്‍ കൃഷ്ണ, അച്ചുവെന്ന അഖില്‍, സുമേഷ് വിനീത് എന്നിവരാണ് കേസിലെ പ്രതികള്‍. കിരണിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കി മൂന്ന് പേർക്കായി തെരച്ചില്‍ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
നേരത്തെ ബാറില്‍വച്ച് തർക്കമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ പകയാകാം കൃത്യം നടത്താൻ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി സി പി നിധിൻ രാജ് പ്രതികരിച്ചു. പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാടകയ്ക്കെടുത്ത വാഹനത്തിലാണ് പ്രതികളെത്തിയതെന്ന് ഡി സി പി വ്യക്തമാക്കി.
നാല് പ്രതികളില്‍ ഒരാള്‍ വണ്ടിയില്‍ തന്നെ ഇരിക്കുകയായിരുന്നു. മൂന്ന് പേരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. അഖിലും വിനീതും കരമന അനന്തു വധക്കേസിലെ പ്രതികളാണ്. കൊല്ലപ്പെട്ട കരുമം ഇടഗ്രാമം മരുതൂർകടവ് പ്ലാവിള വീട്ടില്‍ അഖിലിന്റെ (26) ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായി. ഫോറൻസിക് സംഘം സംഭവസ്ഥലവും കാറും പരിശോധിക്കുകയാണ്.
അഖിലിനും പ്രതികള്‍ക്കും ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ഇന്നലെ വൈകിട്ട് 4.45ന് മരുതൂർകടവിലാണ് അരുംകൊല നടന്നത്. വീടിനോടു ചേർന്ന് അലങ്കാരമത്സ്യങ്ങള്‍ അടക്കം വില്‍ക്കുന്ന പെറ്റ്ഷോപ്പ് നടത്തുകയായിരുന്നു അഖില്‍. ഇവിടെ നിന്നാണ് ഇന്നോവ കാറിലെത്തിയ അക്രിമകള്‍ അഖിലിനെ ബലമായി പിടിച്ചുകൊണ്ടുപോയത്.
ഒഴിഞ്ഞ പറമ്ബിലെത്തിച്ച് കമ്ബിയും കല്ലുംകൊണ്ട് ആക്രമിച്ചശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മരണം ഉറപ്പിക്കാൻ ദേഹത്തേക്കു കല്ലെടുത്തിടുകയും ചെയ്തു. അരമണിക്കൂറോളം കഴിഞ്ഞ് പ്രദേശവാസികളാണ് രക്തംവാർന്ന നിലയില്‍ അഖിലിനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.