കൊല ചെയ്തവരെല്ലാം പരീക്ഷയെഴുതി; ആകെ ഒഴിഞ്ഞ് കിടന്നത് ഷഹബാസ് ഇരിക്കേണ്ട സീറ്റ് മാത്രം

എളേറ്റിലെ എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ഇന്നലെ ആരംഭിച്ച എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കെത്തിയത് നെഞ്ചു പൊട്ടുന്ന വേദനയോടെയാണ്. തങ്ങളുടെ പ്രിയപ്പെട്ട ചങ്ങായതി ഷഹബാസിന്റെ വേര്പാടിന് പിന്നാലെയാണ് അവരെല്ലാം പരീക്ഷാമുറികളിലെത്തിയത്. ജീവിച്ചിരിപ്പുണ്ടെങ്കില്‍ താമരശ്ശേരിയിലെ ഷഹബാസും ഇന്നലെ ഇതേ സ്കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതേണ്ട കുട്ടിയായിരുന്നു. എന്നാൽ മനുഷ്യത്വമില്ലാത്ത ഒരുപറ്റം വിദ്യാര്‍ഥികളുടെ ക്രൂരതയില്‍ ഷഹബാസിന് ജീവൻ നഷ്ടമായി.
തിങ്കളാഴ്ച സ്കൂളില്‍ പരീക്ഷ ആരംഭിച്ചതോടെ പരീക്ഷാഹാളിലെ ഷഹബാസിന്റെ ഇരിപ്പിടം മാത്രം ഒഴിഞ്ഞിരുന്നു. 628307 എന്നതായിരുന്നു ഷഹബാസിന്റെ റോള്നമ്പര്. പരീക്ഷയ്ക്കായി അധ്യാപകര്‍ നേരത്തെ തന്നെ റോള്നമ്പറുകള് ഹാളിലെ ബെഞ്ചിലും ബോര്‍ഡിലും എഴുതിയിരുന്നു. എന്നാല്‍, ഷഹബാസ് മാത്രം ആ പരീക്ഷ ഹാളിലുണ്ടായില്ല.
ഷഹബാസിന്റെ വേര്പാടിന് പിന്നാലെ ആകെ തകർന്ന കുട്ടികളെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സ്കൂളിലെ അധ്യാപകര്‍. അധ്യാപകര്‍ നേരിട്ട് വീട്ടിലെത്തി കുട്ടികളെ കാണുകയും കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നുമുണ്ട്.
അതിനിടെ, ഷഹബാസ് കൊലക്കേസിലെ പ്രതികള്‍ തിങ്കളാഴ്ച ആരംഭിച്ച എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുകയും ചെയ്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ കഴിയുന്ന വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ തന്നെയാണ് പരീക്ഷാകേന്ദ്രം ഒരുക്കിയത്. ഇവരെ പരീക്ഷ എഴുതിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു.വും യൂത്ത് കോണ്‍ഗ്രസും എം.എസ്.എഫും പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പിന്നീട് ഇവരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി.
പ്രതികളായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കുന്നതിനെതിരേ റിട്ട. അധ്യാപികയായ ജയ രാമചന്ദ്രക്കുറുപ്പും ജുവനൈല്‍ ഹോമിന് മുന്നിലെത്തിയിരുന്നു. ”ഞാന്‍ പ്രതികരിക്കാന്‍ തന്നെ വന്നതാണ്. ടി.വി.യുടെ മുന്നിലിരുന്നിട്ട് എനിക്ക് സഹിക്കുന്നില്ല. എന്താണ് ഈ കാണുന്നത്??. എന്തൊരു സങ്കടമാണ്. ടീച്ചര്‍മാരെ ശരിയായരീതിയില്‍ പരിശീലിപ്പിക്കുക. രക്ഷിതാക്കളെ ശരിയായരീതിയില്‍ കൗണ്‍സിലിങ് കൊടുക്കുക.
ഈ കേരളം മുടിഞ്ഞു. ജാതിയും മതവും പാര്‍ട്ടിയും നോക്കാതെ ശിക്ഷാനിയമത്തില്‍ മാറ്റംവരുത്തണം. ശിക്ഷാനിയമത്തില്‍ മാറ്റംവരുത്തിയെങ്കില് കേരളം മുടിയും. എന്റെ മകനാണെങ്കില്‍ സഹിക്കില്ല. ഞാന്‍ ഇവിടത്തെ ടീച്ചറായിരുന്നു. ഗള്‍ഫിലെ ശിക്ഷ ഇവിടെയും വരണം. പത്താംക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയെ നശിപ്പിച്ചിട്ട് എന്ത് മര്യാദയാണ് കാണിച്ചിരിക്കുന്നത്. അവരെ പരീക്ഷ എഴുതിപ്പിക്കരുത്. ബാലനിയമങ്ങള്‍ മാറ്റണം. ടീച്ചര്‍മാര്‍ക്ക് ചൂരല്‍വടി കൊടുക്കണം. അല്ലാതെ ലോകം നന്നാവില്ല. രക്ഷിതാക്കള്‍ കുട്ടികളെ ശിക്ഷിച്ച് വളര്‍ത്തണം”, എന്നുമാണ് ഈ റിട്ടയേഡ് അധ്യാപിക പറഞ്ഞത്.
പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയതിലെ ദുഃഖം ഷഹബാസിന്റെ പിതാവ് ഇക്ബാലും പങ്കുവെച്ചു. തന്റെ മകനും പരീക്ഷ എഴുതാന്‍ പോകേണ്ട കുട്ടിയായിരുന്നു. കോപ്പിയടിച്ചാല്‍ വരെ പരീക്ഷയില്‍നിന്ന് മാറ്റിനിര്‍ത്തും. എന്നാല്‍, കൊലപാതകികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയതില്‍ വിഷമമുണ്ടെന്നും ആ പിതാവ് പറയുന്നു.