പി സി ജോർജിനെതിരായ പീഡന പരാതി വൈകിയതിൽ ദുരൂഹതയെന്ന് കോടതി
സോളാർ കേസിലെ പ്രതി മുൻ എം എൽ എയും ജനപക്ഷം നേതാവുമായ പി സി ജോർജിനെതിരെ നൽകിയ പീഡന പരാതി വൈകിയതിൽ ദുരൂഹതയുണ്ടെന്ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്നും പരാതിക്കാരിക്ക് നിയമനടപടിയെ കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും കോടതി പറഞ്ഞു. പി.സി ജോർജിന്റെ അറസ്റ്റ് സുപ്രിം കോടതി മാനദണ്ഡം പാലിക്കാതെയാണെന്നും കോടതി വിലയിരുത്തി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സമാനമായ രീതിയിൽ പരാതി ഉന്നയിച്ച വ്യക്തിയാണ് പി സി ജോർജിനെതിരെയും ആരോപണം ഉന്നയിച്ചത്. ഇത്തരത്തിൽ ദുരനുഭവം ഉണ്ടായിട്ടും പി സി ജോർജിനെതിരെ പരാതി നൽകാൻ അഞ്ചു മാസത്തെ കാല താമസമുണ്ടായതെന്നത് സംശയം ജനിപ്പിക്കുന്ന കാര്യമാണെന്നും കോടതി സൂചിപ്പിച്ചു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പ്രതിയുടെ ഭാഗം കേൾക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ട്. ഇവിടെ പൊലീസിന്റെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. മാത്രമല്ല തിരക്കുപിടിച്ചുള്ള അറസ്റ്റാണ് ഇവിടെയുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ഇതെല്ലാം പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പി സി ജോർജിന്റെ അറസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് കോടതി പറഞ്ഞത്.
Content Highlights: Court on Molestation case against PC George