പാതിവില തട്ടിപ്പ്; പറവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പരാതിക്കാരുടെ നീണ്ട ക്യൂ

പാതിവില തട്ടിപ്പിൽ കുടുങ്ങിയ പരാതിക്കാരുടെ നീണ്ട ക്യൂ ആണ് പറവൂർ പൊലീസ് സ്റ്റേഷനിൽ. പരാതി നൽകാൻ നൂറുകണക്കിന് ഇരകളാണ് ക്യൂ നിൽക്കുന്നത്. ഇന്ന് രാവിലെ മുതലാണ് പരാതിക്കാർ പൊലീസ് സ്റ്റേഷനിൽ ക്യൂ നിന്ന് പരാതി നൽകാൻ തുടങ്ങിയത്. ഇന്ന് ഉച്ചവരെ ഏകദേശം 550 തിലേറെ പരാതികളാണ് ലഭിച്ചിരിക്കുന്നത്. നൽകുന്ന പരാതികളിൽ പ്രത്യേകം എഫ്ഐആർ തയ്യാറാക്കണമെന്നും എങ്കിൽ മാത്രമേ പണം തിരികെ ലഭിക്കുകയുള്ളൂ എന്നാണ് പരാതിക്കാരുടെ ആവശ്യം.
എന്നാൽ സമാനമായ തട്ടിപ്പ് കേസ് ആയതിനാൽ പരാതികൾ എല്ലാം ഒറ്റ എഫ്ഐആർ ആക്കി പരിഗണിക്കാൻ സാധിക്കുമോയെന്ന നിയമോപദേശവും പൊലീസ് തേടിയിട്ടുണ്ട്. നിലവിൽ രണ്ട് എഫ്ഐആറുകളാണ് പറവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനിടെയാണ് സ്റ്റേഷനിലേക്ക് പരാതിക്കാരുടെ നീണ്ട നിര തന്നെ എത്തിയത്.