കൂടത്തായി കൊലപാതക പരമ്പര; എല്ലാ കേസുകളും സ്പെഷ്യൽ കോടതിയിലേക്ക് മാറ്റി
കൂടത്തായി കൊലപാതക പരമ്പരയിലെ എല്ലാ കേസുകളും മാറാട് സ്പെഷൽ കോടതിയിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
കേസിലെ ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തളളിയിരുന്നു. പൊന്നാമറ്റത്തിൽ ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ കൊലപാതക കേസുകളിൽ ജോളി വെവ്വേറെ ജാമ്യാപേക്ഷകൾ നൽകിയിരുന്നു. വിചാരണ നീണ്ടുപോവുകയാണെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ജോളിയുടെ അപേക്ഷ.
എന്നാൽ അന്നാമ്മ തോമസിനെ വധിച്ച കേസിൽ ഹൈക്കോടതി നേരത്തെ നൽകിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയത് കാര്യം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു. ജോളിക്ക് കോടതി ജാമ്യം നിഷേധിച്ചു. കേസില്‍ നിലവില്‍ നാല് പ്രതികളാണുള്ളത്.
സ്വത്തുക്കൾ തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ജോളി ജോസഫ് നടത്തിയ ആസൂത്രിത കൊലപാതകങ്ങളാണ് കൂടത്തായി കൂട്ടക്കൊല. 14 വർഷത്തിനിടെ കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേരാണ് കൊല്ലപ്പെട്ടത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്കറിയയുടെ ഭാര്യ സാലി (44) എന്നിവരാണു കൊല്ലപ്പെട്ടത്.
ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകൻ റോജോ തോമസ് 2019 ജൂലൈയില്‍ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. എന്നാൽ സ്വത്തുതർക്കമെന്ന നിഗമനത്തിൽ അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് കെ ജി സൈമൺ റൂറൽ ജില്ലാ പൊലീസ് മേധാവിയായി ചുമതല ഏറ്റെടുത്തപ്പോഴാണ് കേസിൽ വഴിത്തിരിവുണ്ടായത്.
Content Highlights: Koodatthayi murder case prosecution court change