പ്രണയനൈരാശ്യത്തിന്റെ പേരിൽ പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ
പ്രണയനൈരാശ്യത്തെ തുടർന്ന് യുവാവ് പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. ഉച്ചക്ക് രണ്ട്മണിയോടെയാണ് നാദാപുരത്തെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിയായ പേരോട് സ്വദേശിക്ക് വെട്ടേറ്റത്, ബൈക്കിലെത്തിയാണ് അക്രമി പെൺകുട്ടിയെ വെട്ടിയത്. പെൺകുട്ടിയുടെ പരിചയക്കാരനായ റഫ്നാസാണ് പ്രതി. ഇയാൾ പൊലീസിന്റെ പിടിയലായി.
സംഭവത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് പെൺകുട്ടിയെ റഫ്നാസും കല്ലാച്ചിയിൽ സ്കൂൾ പരിസരത്ത് വെച്ച് വലിയ തോതിൽ വാക്കേറ്റം നടന്നിരുന്നു. ഇത് നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. തുടർന്നാണ് റഫ്നാസ് ബൈക്കിലെത്തി പെണ്കുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഇരുവരും തമ്മിൽ നടന്ന തർക്കത്തിൽ നാട്ടുകാർ ഇടപെടാൻ ശ്രമിച്ചിരുന്നു. കൈയിൽ നേരത്തെ കരുതിവെച്ച കൊടുവാൾ കൊണ്ടാണ് വെട്ടിയത്. തലയുടെ പിൻഭാഗത്താണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര കോ ഓപ്പറേറ്റീവ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
രക്ഷപ്പെടാൻ ശ്രമിച്ച റഫ്നാസിനെ പിടികൂടാൻ നാട്ടുകാരാണ് മുൻകൈ എടുത്തത്. ഇതിനിടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നാട്ടുകാരാണ് റഫ്നാസിനെ പൊലീസിൽ ഏൽപ്പിച്ചത്. നാദാപുരം ഡി വൈ എസ് പി റഫ്നാസിന്റെ മൊഴി രേഖപ്പെടുത്തി. പ്രണയനൈരാശ്യത്തെ തുടർന്നുള്ള പകയാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പന്ത്രണ്ടാം ക്ലാസ് വരെ ഇരുവരും ഒരുമിച്ചാണ് പഠിച്ചത്. അന്ന് മുതലേ പ്രണയത്തിലായിരുന്നുവെന്ന് റഫ്നാസ് നൽകിയ മൊഴിയിലുണ്ടെന്ന് പൊലീസ് പറയുന്നു.
Content highlights : Murder attempt on student at Nadapuram