തമിഴ്നാട്ടിലെ BSP സംസ്ഥാന അധ്യക്ഷന്റെ കൊലപാതകം: പ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ബി.എസ്.പി. തമിഴ്നാട് അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ശനിയാഴ്ച രാത്രി ചെന്നൈയിലെ മാധവരാമിന് സമീപത്തുവെച്ച് നടന്ന ഏറ്റുമുട്ടലിലാണ് കൊലക്കേസിലെ 11 പ്രതികളില്‍ ഒരാളായ തിരുവെങ്കടം എന്നയാള്‍ കൊല്ലപ്പെട്ടത്. ഇയാള്‍ ദിവസങ്ങളായി ആംസ്ട്രോങ്ങിനെ പിന്തുടരുകയും നിരീക്ഷിച്ചുവരുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ജൂലൈ അഞ്ചിനാണ് ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ ആംസ്ട്രോങ് കൊല്ലപ്പെടുന്നത്. രാത്രി ഏഴരയോടെ പെരമ്ബൂരിലെ വീട്ടിലേക്കു വാഹനത്തില്‍ വരുന്നതിനിടെ സാന്തയപ്പൻ സ്ട്രീറ്റില്‍ ആറംഗ സംഘം തടഞ്ഞുനിർത്തി ഇദ്ദേഹത്തെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങ്ങിനെ ഗ്രീംസ് റോഡിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ട് പാർട്ടിപ്രവർത്തകർക്കും വെട്ടേറ്റിരുന്നു.
ആംസ്ട്രോങ്ങിൻ്റെ കൊലപാതകം ദേശീയതലത്തില്‍ തന്നെ ചർച്ചയായിരുന്നു. രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ബി.എസ്.പി. അധ്യക്ഷ മായാവതിയും പാർട്ടി കോ-ഓർഡിനേറ്റർ ആകാശ് ആനന്ദും അനുശോചനം അറിയിച്ചു.