നെട്ടയം രാമഭദ്രൻ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് രണ്ടാം പ്രതി പത്മലോചനൻ
കൊല്ലത്തെ കോൺഗ്രസ് നേതാവായിരുന്ന നെട്ടയം രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയായ ഏരൂർ പത്തടി സ്വദേശി പത്മലോചനനെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎ അഞ്ചൽ ഏരിയാ സെക്രട്ടറിയായിരുന്നു പത്മലോചനൻ.
വീടിന് സമീപത്തെ വയലിലെ മരത്തിലാണ് പത്മലോചനനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാമഭദ്രൻ കൊലക്കേസ് പ്രതിയായ പത്മലോചനന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 2010 ഏപ്രിൽ പത്തിനാണ് കോൺഗ്രസ് പ്രവർത്തകനായിരുന്ന നെട്ടയം രാമഭദ്രനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും ഐ എൻ ടി യു സി ഏരൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു നെട്ടയം രാമഭദ്രൻ.
ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട സംഘർഷമായിരുന്നു ആക്രമണത്തിന് കാരണം. സംഘർഷത്തിൽ പൊലീസ് അറസറ്റ് ചെയ്ത പ്രതികളെ രാമഭദ്രൻ ജാമ്യത്തിലിറക്കിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നെട്ടയകൊലക്കേസിൽ 21 സി പി എം പ്രവർത്തകർ പ്രതിചേർക്കപ്പെട്ടിരുന്നു. വിചാരണ തുടർന്നുകൊണ്ടിരിക്കെയാണ് പത്മലോചനന്റെ ആത്മഹത്യ. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
Content Highlights : Nettayam ramabhadran murder case accused suicide