ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടി പൊലീസ്: ഒറ്റക്കയ്യനെ ജയിൽ ചാടാൻ സഹായിച്ചതാര്??

രാവിലെ മുതൽ പോലീസിനെ വട്ടം കറക്കിക്കൊണ്ട് ജയില്‍ ചാടി നാട്ടിലേക്ക് ഇറങ്ങിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി പോലീസിന്റെ പിടിയിലായി. കണ്ണൂർ തളാപ്പിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ചാടിയ ഗോവിന്ദച്ചാമിക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ തന്നെയാണ് നടത്തിയത്.
ഇതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ നാട്ടുകാർ സംശയകരമായ രീതിയിൽ കണ്ടിരുന്നു. അവർ ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. നാട്ടുകാർ ഉടനെ തന്നെ പോലീസില്‍ വിവരം അറിയിച്ചു. തളാപ്പിലുള്ള കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്തു വെച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടതായുള്ള സൂചനകള്‍ ലഭിച്ചത്.
ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ഗോവിന്ദച്ചാമി ജയില്‍ ചാടിയ വാര്‍ത്ത ഇതിനോടകം നാട്ടിലെല്ലാം അറിഞ്ഞിരുന്നു. അയാൾ ധരിച്ചിരുന്ന വേഷവും ഒക്കെ സിസിടിവി ദൃശ്യങ്ങളിലൂടെ ചാനലുകൾ പുറത്ത് വിട്ടിരുന്നു.
അങ്ങനെയാണ് ഇത് ഗോവിന്ദച്ചാമിയാണെന്ന് സംശയം തോന്നിയ ഒരു ഓട്ടോ ഡ്രൈവര്‍ പേര് വിളിച്ച് പറഞ്ഞത്. ഇതിനെ തുടർന്ന് ഇയാള്‍ ഓടിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് തളാപ്പ് മേഖലയിലെത്തിയ പോലീസ് ആളൊഴിഞ്ഞ വീട് വളഞ്ഞ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ജയില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് ഇയാളെ കണ്ടെത്തിയത്. വെള്ളയില്‍ വരകളുള്ള ഷര്‍ട്ടാണ് ഇയാള്‍ ധരിച്ചതെന്നും ഇയാള്‍ക്ക് ഒറ്റക്കെയാണ് ഉള്ളതെന്നും ദൃക് സാക്ഷികള്‍ പറയുന്നു. എന്നാല്‍ കിണറ്റിൽ നിന്നും പിടികൂടുമ്പോൾ ഇയാൾക്ക് ഷർട്ട് ഉണ്ടായിരുന്നില്ല.
DIG യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.നാലര മണിക്കൂറിനുള്ളിലാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. കിണറ്റിൽ നിന്ന് പൊലീസ് കണ്ടെത്തുന്നതിൽ നിർണായകമായത് സെക്യൂരിറ്റി ജീവനക്കാരനായ ഉണ്ണിയുടെ ഇടപെടലാണ്. രാവിലെ പത്തരയോടെ ഓഫീസിന് താഴെയുള്ള കിണറിൽ നിന്നാണ് ഗോവിന്ദച്ചാമിയെ താൻ കണ്ടതെന്ന് ഉണ്ണി പറയുന്നു. ആദ്യം താനും മറ്റൊരു ഉദ്യോഗസ്ഥയും പോയി കിണറിൽ പരിശോധിച്ചപ്പോൾ കിണറിൽ കണ്ടിരുന്നില്ലെന്നും എന്നാൽ സംശയം തോന്നി ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയെ കണ്ടതെന്നും ഉണ്ണി പറയുന്നു. വിവരം പുറത്തുപറഞ്ഞാൽ കുത്തിക്കൊല്ലുമെന്ന് ഗോവിന്ദച്ചാമി തന്നെ ഭീഷണിപ്പെടുത്തിയിരുന്നു., എന്നാൽ താൻ ആളുകളെ വിളിച്ച് കൂട്ടുകയുമായിരുന്നുവെന്നും ഉണ്ണി പറഞ്ഞു.
ജയിലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഇന്ന് പുലർച്ചെ നാലേ കാലിനും ആറരയ്ക്കും ഇടയിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയത് എന്ന് വ്യക്തമായിരുന്നു. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന ജയിലിലെ 10 B ബ്ലോക്കിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. ഏഴു മീറ്ററോളം ഉയരമുള്ള മതിലിൽ കിടക്കവിരികെട്ടിയാണ് ഇയാൾ മതിൽ ചാടിയത്. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ടായിരുന്നു.
ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാനായി സഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്.
തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ഇയാൾക്കെതിരെ തമിഴ്നാട് പൊലിസിലും കേസുകളുണ്ട്. എന്നാൽ അവിടുത്തെ രേഖകളിൽ ഇയാളുടെ പേര് ചാർളി തോമസ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിവിധ മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമിയെന്ന കൊടും ക്രിമിനൽ. ഒരു ഭിക്ഷാടന മാഫിയ തന്നെ ഇയാൾക്ക് പിന്നിലുണ്ടെന്നാണ് സൂചനകൾ. തീർച്ചയായും മറ്റുള്ളവരുടെ സഹായമില്ലാതെ ഇയാൾക്ക് കണ്ണൂരിലെ അതീവ സുരക്ഷാ ജയിലിൽ നിന്നും പുറത്ത് കടക്കാൻ കഴിയില്ലെന്ന് ഉറപ്പ് തന്നെയാണ്.
കീഴ്കോടതികൾ വധശിക്ഷക്ക് വിധിച്ച ഇയാൾക്ക് അത് ഒഴിവായിക്കിട്ടിയത് സുപ്രീം കോടതിയിൽ നിന്നാണ്.
ജയിൽ ചാടിയോ അല്ലെങ്കിൽ ശിക്ഷ കാലാവധി കഴിഞ്ഞോ ഇത്തരം കൊടും കുറ്റവാളികൾ സമൂഹത്തിലേക്ക് തിരിച്ചെത്തുന്നത് അപകടം തന്നെയാണ്. ഇയാളുടെ ക്രൂരതക്ക് ഇരയായവരുടെ കുടുംബം പറയുന്നത്, ഈ ജയിൽ ചട്ടം കൂടി കണക്കിലെടുത്ത് ഗോവിന്ദച്ചാമിക്ക് വധ ശിക്ഷ നൽകണമെന്നാണ്.