ലൈംഗികബന്ധം നടന്നത് ഉഭയസമ്മതപ്രകാരം; പരാതിക്കാരി പറയുന്നത് ശുദ്ധനുണയെന്നാവർത്തിച്ച് വിജയ് ബാബു. ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു
യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തത് മണിക്കൂറുകളോളം. കേസ് കെട്ടിച്ചമച്ചതാണെന്നും നായികയായി സിനിമയിൽ അവസരം നൽകാത്തതാണ് കേസിന് പിന്നിലെന്നും പൊലീസിനോടും ആവർത്തിക്കുകയാണ് വിജയ് ബാബു.
ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നും വിദേശത്തേക്ക് ഒളിവിൽ പോവാൻ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെയാണ് വിജയ് ബാബു വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. തുടർന്ന് സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിയ വിജയ്ബാബുവിന്റെ ചോദ്യം ചെയ്യൽ ഏഴ് മണിക്കൂറിലധികം നീണ്ടു നിന്നു.
തന്റെ സിനിമാ കമ്പനി നിർമിക്കുന്ന പുതിയ ചിത്രത്തിൽ നായികാ വേഷം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് പരാതിയിൽ അവസാനിക്കുന്നതെന്നും പുതിയ ചിത്രത്തിലേക്ക് നിശ്ചയിച്ച നടിയെ വിളിച്ച് പരീതിക്കാരി മോശമായ ഭാഷയിൽ സംസാരിച്ചിരുന്നുവെന്നും എല്ലാം വിജയ് ബാബു ഇന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
പരാതിക്കാരിക്ക് നീതി ലഭിക്കുന്നതിനാവശ്യമായ നടപടികളാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. ചോദ്യം ചെയ്യലിന്റെ കൂടി വിശദാംശങ്ങൾ പരിഗണിച്ച ശേഷമേ അടുത്ത നടപടികളിലേക്ക് കടക്കൂ എന്നാണ് പൊലീസ് പറയുന്നത്. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് കടന്ന താരത്തെ കേരളത്തിലെത്തിക്കാൻ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചിരുന്നതെന്നും പാസ്പോർട്ട് റദ്ദാക്കുന്ന നടപടികളിലേക്ക് കടന്നതോടു കൂടിയാണ് വിജയ്ബാബു കേരളത്തിലേക്ക് മടങ്ങി എത്തിയതെന്നുമാണ് അന്വേഷണ സംഘം വിശദീകരിക്കുന്നത്. ഒളിവിൽ കഴിയാൻ ആരെങ്കിലും വിജയ് ബാബുവിനെ സഹായിച്ചിട്ടുണ്ടെങ്കിൽ അവരെ കൂടി കണ്ടെത്തി ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.
കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ കൂടുതൽ പ്രതികരണങ്ങളില്ലെന്നാണ് സ്റ്റേഷനിലേക്ക് പോവുന്ന വഴിയിൽ വിജയ് ബാബു പറഞ്ഞത്. അറസ്റ്റ് ചെയ്യരുതെന്ന് നിർദേശ മുള്ളതിനാൽ ചോദ്യം ചെയ്യൽ പൂർത്തിയായശേഷം അദ്ദേഹത്തെ വിട്ടയക്കും. കേസ് അടുത്ത തവണ പരിഗണിക്കുന്നത് വരെയാണ് വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി തടഞ്ഞത്.
Content highlights: vijay babu on molestation case