സഹപ്രവര്‍ത്തകയെ കുത്തിയശേഷം കടലില്‍ ചാടിയ റോയല്‍ കരീബിയന്‍ ക്രൂ അംഗം മുങ്ങിമരിച്ചു

സഹപ്രവര്‍ത്തകയെ കുത്തിയശേഷം കടലില്‍ ചാടിയ റോയല്‍ കരീബിയന്‍ ക്രൂ അംഗം മുങ്ങിമരിച്ചു. ഐക്കണ്‍ ഓഫ് ദി സീസ് ക്രൂയിസ് കപ്പലിലാണ് സംഭവം. ബഹാമാസിലെ സാന്‍ സാല്‍വഡോര്‍ ദ്വീപിന് സമീപം വ്യാഴാഴ്ച്ചയാണ് 35-കാരനായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി വനിതാ ക്രൂ അംഗത്തെ കുത്തിയത്. യുവതിയെ നിരവധി തവണ കുത്തിയതിനെ തുടർന്ന് യുവാവ് കപ്പലില്‍ നിന്ന് ചാടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. യുവതി അപകടനില തരണം ചെയ്തു.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് റോയല്‍ കരീബിയന്‍ വക്താവ് വ്യക്തമാക്കി. എങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്കാന് അദ്ദേഹം തയ്യാറായില്ല. ‘യുവാവ് കടലില്‍ ചാടിയ ഉടന്‍ തന്നെ ഞങ്ങള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായില്ല. കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. അവരുടെ സ്വകാര്യതയെ മാനിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ല . യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായിട്ടില്ല. ഐക്കണ്‍ ഓഫ് ദി സീസ് ബഹാമാസില് നിന്ന് മിയാമിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലാണ് ഐക്കണ്‍ ഓഫ് ദി സീസ്. 5,600 മുതല്‍ 7,600 വരെ യാത്രക്കാരെ ഉള്‍ക്കൊളളാന്‍ കപ്പലിനാകും. 1,198 അടി നീളവും 213 അടി വീതിയുമുളള കപ്പലില്‍ ഏഴ് സ്വിമ്മിംഗ് പൂളുകളും ആറ് വാട്ടര്‍ സ്ലൈഡുകളും ഒരു വാട്ടര്‍ പാര്‍ക്കുമുണ്ട്.