മകളെ പുഴയിലെറിഞ്ഞു കൊന്നകേസ്, പിതാവ് സനു മോഹന്‍ ജീവപര്യന്തം തടവ്
പതിനൊന്നുവയസുകാരി വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പുഴയില്‍ തള്ളിയ കേസില്‍ പിതാവ് സനു മോഹന്‍ ജീവപര്യന്തം തടവും ഒരുലക്ഷത്തിഎഴുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
ഇന്ന് ഉച്ചയോടെ എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞിരുന്നു. ഇതില്‍ കൊലപാതകത്തിനാണ് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത്. മറ്റുകേസുകള്‍ക്ക് 28 വര്‍ഷം കഠിനതടവാണ് വിധിച്ചത്. കേസില്‍ കുറ്റക്കാരനെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
70 വയസുള്ള അമ്മയെ നോക്കാൻ വേറെ ആളില്ലെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നും സനു മോഹൻ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല. കുറ്റക്കാരനെന്ന് കണ്ടെത്തിയശേഷം 11 മണി മുതല്‍ ശിക്ഷാ വിധിയില്‍ വാദം കേട്ടശേഷം ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിധി പറഞ്ഞത്.