വീട്ടു വളപ്പില്‍ കുഴിച്ചിട്ട മൃതദേഹം കാണാതായ യുവതിയുടേത്; ശ്വാസം മുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി; ആഭരണങ്ങള്‍ മുറിച്ചെടുത്തു; അഞ്ച് പേര് പിടിയില്‍
ഒരു യുവതിയെ കൊന്നു കുഴിച്ചു മൂടിയിട്ട് അവരെ കാണാനില്ല എന്നു പറഞ്ഞു സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിടുക. അവരെ കണ്ടെത്തുന്നത് വരെ ഷെയർ ചെയ്യുക എന്നാണ് അതിൽ ആഹ്വാനം ചെയ്യുന്നത്. പിന്നീട് നാട്ടുകാരെ സംഘടിപ്പിച്ച് ഒരു പ്രതിഷേധ കൂട്ടായ്മ ഉണ്ടാക്കുക. എന്നിട്ട് സ്വയം അതിന്റെ കൺവീനർ ആകുന്നു. കൂട്ടായ്മ നടത്തുന്ന പ്രതിഷേധ പരിപാടികളിൽ അധ്യക്ഷനാവുന്നു. ഒരു സിനിമാ നടന് പോലും ഇതൊക്കെ ശരിയായ രീതിയിൽ അഭിനയിച്ചു തീർക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ വിഷ്ണു എന്നയാൾക്ക് അതിന് കഴിഞ്ഞിരിക്കുന്നു. കാണാതായ സുജിതയെ കുറിച്ച് പോസ്റ്റ് ഇട്ടതും, ഷെയർ ചെയ്തതും യൂത്ത് കോൺഗ്രസ് തുവൂർ മണ്ഡലം സെക്രട്ടറി ആയ വിഷ്ണു എന്നയാളാണ്.
ഇപ്പോൾ അതേ വിഷ്ണുവിന്റെ വീട്ടുവളപ്പിൽ നിന്നും സുജിതയുടെ ജഡവും കണ്ടെത്തിയിരിക്കുന്നു. വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് മുകളിൽ കോൺക്രീട്ട് ഇട്ട്, ഒരു കോഴികൂട് അതിനു മീതെ സ്ഥാപിച്ച നിലയിലായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്!
കൊലയ്ക്കുപിന്നില്‍ സാമ്പത്തിക ഇടപാട് ആണെന്നാണ് ലഭിക്കുന്ന സൂചനകൾ. കൂടുതൽ വിവരങ്ങൾക്കായി ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഇന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നുണ്ട്.
ഈ മാസം 11നാണ് പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ കാണാതായത്. സുജിത കുടുംബശ്രീ പ്രവർത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമാണ്. ഗ്രാമപ്പഞ്ചായത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൻറെ ഫലം വന്നശേഷം ആഹ്ളാദപ്രകടനം നടക്കുമ്പോൾ സുജിത ഉണ്ടായിരുന്നു. ഉച്ചയ്ക്ക് കൃഷിഭവനിൽനിന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നു എന്നാണു സുജിത പറഞ്ഞിരുന്നത്. പിന്നീട് സുജിതയെക്കുറിച്ച് യാതൊരു വിവരമുണ്ടായിരുന്നില്ല. അതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പഞ്ചായത്തിന്റെ പരിസരത്ത് വെച്ച് സുജിതയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സുജിതയെ കാണാതായ അന്ന് ഈ ഭാഗത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. അന്വേഷണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിലെ താല്കാലിക ജീവനക്കാരനായ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സംശയം തോന്നിയതോടെ വിഷ്ണുവിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. തിങ്കളാഴ്ച രാത്രിയാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്. വിഷ്ണു നൽകിയ മൊഴിപ്രകാരം മൃതദേഹം സുജിതയുടേത് തന്നെയാകുമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പുറത്തെടുത്തിട്ടില്ല. ചൊവ്വാഴ്ച ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പുറത്തെടുത്ത് വിശദമായ പരിശോധന നടത്തുമെന്നാണ് പോലീസ് പറയുന്നത്.
മാലിന്യ ടാങ്ക് തുറന്ന് അതിന്റെ അരികിലായി കുഴി എടുത്താണ് മൃതദേഹം ഒളിപ്പിച്ചത്. കുഴിയുടെ മുകളിൽ കോൺക്രീറ്റ് മെറ്റൽ വിതറി ഒരു കോഴിക്കൂടും സ്ഥാപിച്ചിരുന്നു. ഒറ്റനോട്ടത്തിൽ മാലിന്യ ടാങ്കിന് സമീപം കുഴിയെടുത്തത് ആരുടേയും ശ്രദ്ധയിൽപ്പെടില്ല. മെറ്റലും മറ്റും കൂട്ടിയിട്ടിരുന്നിടത്ത് മണ്ണ് ഇളകികിടക്കുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ അടക്കം സഹായത്തോടെ മണ്ണ് മാറ്റി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയത്.
സുജിതയെ വീട്ടിൽ വച്ച് ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ് വിഷ്ണു പൊലീസിന് മൊഴിയിൽ പറയുന്നത്. . മരണം ഉറപ്പാക്കിയ ശേഷം യുവതിയെ കെട്ടിത്തൂക്കി. പിന്നീട് സഹോദരങ്ങളുടേയും സുഹൃത്തിന്റേയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നും വിഷ്ണുവിന്റെ മൊഴിയിൽ പറയുന്നു.
വിഷ്ണുവിന്റെ അച്ഛൻ മുത്തു എന്ന കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരന്മാരായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ആഭരണങ്ങൾ കവരുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സുജിതയെ കാണാതാവുന്നതിന് മുൻപ് തന്നെ വിഷ്ണു തുവ്വൂർ പഞ്ചായത്തിലെ താത്കാലിക ജോലി രാജിവച്ചിരുന്നു. ഐഎസ്ആർഒയിൽ ജോലി കിട്ടിയെന്നായിരുന്നു നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. വിഷ്ണുവും സുജിതയും പരിചയക്കാരായിരുന്നു. വിഷ്ണു ജോലി ചെയ്തിരുന്ന പഞ്ചായത്ത് ഓഫീസിനോട് ചേർന്നായിരുന്നു കൃഷി ഭവന്റെ ഓഫീസും. ഇവിടെയായിരുന്നു സുജിത ജോലി ചെയ്തിരുന്നത്. സുജിതയെ കാണാതായതിന്റെ പിറ്റേന്ന് തന്നെ ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് കരുവാരക്കുണ്ട് പോലീസിൻ്റെ അറിയിപ്പും ഇയാൾ പങ്കുവെച്ചു. തിരോധാനത്തിൻ്റെ കൂടുതൽ വാർത്തകൾ നൽകാത്തത് എന്താണ് എന്ന് ഇയാൾ പ്രാദേശിക മാധ്യമപ്രവർത്തകരോട് ചോദിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ സംശയത്തിന് ഇട നൽകാത്ത രീതിയിലായിരുന്നു വിഷ്ണുവിന്റെ പെരുമാറ്റങ്ങൾ. എന്നാൽ, സുജിതയുടെ മൊബൈലിൻ്റെ അവസാന സിഗ്നൽ വിഷ്ണുവിൻ്റെ വീടിന് സമീപമായതാണ് പൊലീസിന് കാര്യങ്ങൾ എളുപ്പമാക്കിയത്. ആ സമയം അവിടെ വിഷ്ണുവിൻ്റെ മൊബൈൽ സിഗ്നലും രേഖപ്പെടുത്തിയിരുന്നു. സുജിതയുടെ അവസാന കോൾ പോയതും വിഷ്ണുവിന്റെ മൊബൈലിലേക്കായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട് ലഭിക്കുന്നതോടെ കേസിലെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്നാണ് പോലീസ് പറയുന്നത്. ആസൂത്രിതമായി ചെയ്ത ഒരു കൊലപാതകമാണോ, അതോ പെട്ടെന്നുള്ള പ്രകോപനത്തിന്റെ പുറത്ത് ഉണ്ടായതാണോ എന്ന വ്യക്തമല്ല. പക്ഷെ ഈ കൊലക്ക് ശേഷം വിഷ്ണു നടത്തിയ നാടകം ഗംഭീരം തന്നെയായിരുന്നു. യാതൊരു സംശയത്തിനും ഇടകൊടുക്കാതെയാണ് അയാൾ പെരുമാറിയിരുന്നത്. സുജിത ജിഷ്ണുവിനു പണം നൽകിയിരുന്നു. ഇതു തിരിച്ചുചോദിച്ചതോടെ ഇവർ തമ്മിൽ വഴക്കായി എന്നാണു ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. സുജിതയെ കൊലപ്പെടുത്തിയ ശേഷം എട്ടു പവനോളം വരുന്ന സ്വർണാഭരണങ്ങൾ പ്രതികൾ വിറ്റതായും അറിയുന്നു. വിഷ്ണുവും സഹോദരന്മാരും ലഹരിക്ക് അടിമയായിരുന്നുവെന്നും നാട്ടുകാർ പറയുന്നുണ്ട്..