ടിടിഇ വിനോദിന്റെ കൊലപാതകം; പൊലീസ് എഫ്ഐആര്‍ പുറത്ത്
ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് എഫ്ഐആർ പുറത്ത്. പ്രതിയായ ഒഡിഷ സ്വദേശി രജനികാന്ത്, വിനോദിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പുറകില്‍ നിന്നാണ് പ്രതി തള്ളിയിട്ടതെന്ന് എഫ്ഐആറില്‍ പറയുന്നു. രണ്ട് കൈയും ഉപയോഗിച്ചാണ് പ്രതി വിനോദിനെ തള്ളി പുറത്തേക്കിട്ടത്. പിഴ അടക്കാൻ ആവശ്യപ്പെട്ടതിന്റെ വിരോധമാണ് കൊലപാതകം നടത്താൻ പ്രേരണയായതെന്നും എഫ്ഐആറില്‍ പറയുന്നു. എറണാകുളം-പാട്ന എക്പ്രസിലായിരുന്നു അതിദാരുണമായ സംഭവമുണ്ടായത്.
എസ് 11 കോച്ചിലുണ്ടായിരുന്ന രജനികാന്തിനോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാളും ടിടിഇയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന്റെ ദേഷ്യത്തില്‍ രജനീകാന്ത് ടിടിഇയെ മർദ്ദിക്കുകയും ട്രെയിനില്‍ നിന്ന് തള്ളിയിടുകയുമായിരുന്നു.