മൂന്ന് മുറികൾക്ക് വാടക 1.5 ലക്ഷത്തോളം; ഹോട്ടലില്‍ നടന്നത് പുതിയ ലഹരിയുടെ ‘ലോഞ്ചിങ് ആയിരുന്നോ??
മരടില്‍ ഓംപ്രകാശും സംഘവും താമസിച്ച ആഡംബര ഹോട്ടലിലെ മുറികളില്‍ നടന്നത് പുതിയ രാസലഹരിയുടെ ലോഞ്ചിങ് എന്ന സംശയത്തില്‍ പോലീസ് രഹസ്യാന്വേഷണ സംഘം. ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പോലീസിന്റെ മിന്നല്‍ പരിശോധന.
ശനിയാഴ്ച പുലര്‍ച്ചെയാണ് ഓംപ്രകാശും സംഘവും ഹോട്ടലില്‍ മൂന്ന് മുറികളെടുത്തത്. 1.5 ലക്ഷത്തോളം രൂപയാണ് വാടകയായി നല്‍കിയിട്ടുള്ളത്. ഇത്രയും തുക മുടക്കി ലഹരിപ്പാര്‍ട്ടി നടത്തിയ സാഹചര്യത്തില്‍ വന്‍തോതില്‍ ലഹരി ഇടപാട് നടന്നതായും പോലീസ് സംശയിക്കുന്നുണ്ട്. ഇതിനൊപ്പം 25,000 രൂപ വില വരുന്ന വിദേശമദ്യവും സംഘം വാങ്ങിയതായി കണ്ടെത്തി.
ശനിയാഴ്ച രാത്രിയോടെയാണ് പുറത്തുനിന്നുള്ളവര്‍ ഈ മുറികളിലെത്തിയത്. പോലീസ് പരിശോധന നടക്കുന്നതാകട്ടെ ശനിയാഴ്ച രാത്രി വൈകിയാണ്. ഇതിനിടയ്ക്കാണ് സന്ദര്‍ശകരുടെ വരവും പോക്കും നടന്നത്. സന്ദര്‍ശകരായി എത്തിയവരില്‍ പലരും പരസ്പരം ബന്ധപ്പെട്ടിരുന്നില്ല. ഓംപ്രകാശിന്റെ ബന്ധത്തില്‍ മാത്രം ഏഴുപേര്‍ ഇവിടെയെത്തി. ഷിഹാസിന്റെ ഇടപാടിലും ചിലരെത്തി.
വിദേശത്തുനിന്ന് ലഹരി എത്തിച്ച് കേരളത്തിലെ വിവിധ ജില്ലകളിലെ ഡി.ജെ. പാര്‍ട്ടികളില്‍ വിതരണം ചെയ്തുവരുകയായിരുന്നു ഓംപ്രകാശും ഷിഹാസുമെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ട്. ഇവര്‍ ബുക്ക് ചെയ്ത മുറിയിലും അടുത്തുള്ള രണ്ട് മുറികളിലും പോലീസ് വിശദ പരിശോധന നടത്തി. ഹോട്ടലിലെ സി.സി.ടി.വി. വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇതില്‍നിന്നാണ് താരങ്ങളുടെ അടക്കം ദൃശ്യങ്ങള്‍ ലഭിച്ചത്.