തൃശ്ശൂരിലെ സ്കൂളിൽ തോക്കുമായി കയറി 3 തവണ വെടിപൊട്ടിച്ച് പൂർവ്വവിദ്യാർത്ഥി; ലഹരിമരുന്ന് ഉപയോഗിച്ചതായി സംശയം..
സ്കൂളിൽ കയറി തോക്കെടുത്ത് വെടി പൊട്ടിക്കുന്ന സംഭവം എന്ന കേൾക്കുമ്പോൾ നമ്മുടെ ഓർമ്മയിലേക്ക് ആദ്യം എത്തുക അമേരിക്കയോ ക്യാനഡയോ ഒക്കെ ആയിരിക്കും. ഇപ്പോൾ നമ്മുടെ കേരളത്തിലും അത്തരത്തില്‍ ഒരു സംഭവം നടന്നിരിക്കുകയാണ്. തൃശ്ശൂര്‍ വിവേകോദയം സ്കൂളില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി മുളയം സ്വദേശി ജഗനാണ് സ്കൂളില്‍ തോക്കുമായെത്തിയത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ആദ്യം പ്രിൻസിപ്പലിന്റെ മുറിയിലേക്കാണ് ഇയാൾ എത്തിയത്. പിന്നീട് സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, അതിന് ശേഷം പ്ലസ് ടു ക്ലാസ് റൂമില്‍ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്. അതിനെ തുടർന്ന് ഒന്നാം നിലയിൽ നിന്നും താഴെക്ക് എടുത്ത് ചാടി ഓടുകയായിരുന്നു. രാവിലെ പത്തേ കാലിനാണ് ജഗൻ സ്കൂളിൽ എത്തിയത്. താൻ ഈ സ്കൂളിൽ നേരത്തെ പഠിച്ച സമയത്ത് മറന്നുവെച്ച തൊപ്പി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ സ്റ്റാഫ് റൂമിലേക്ക് എത്തിയത് . അധ്യാപകര്‍ ഇയാളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ ബാഗില്‍ നിന്നും തോക്കെടുത്തത്. സകൂളിനകത്ത് കയറി ജഗന് പരിഭ്രാന്തി സൃഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ ജഗന് സ്റ്റാഫ് റൂമില്‍ കയറി കസേരയില്‍ ഇരിക്കുന്നതും തോക്കെടുത്ത് ഭീഷണിപ്പെടുത്തുന്നതും വ്യക്തമാണ്. മൂന്ന് തവണ വെടിയുതിര്‍ത്തെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെടിയുതിര്‍ത്തതിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജഗനെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടിയത്. രാമദാസന് എന്ന അധ്യാപകനെ അന്വേഷിച്ചാണ് ഇയാള്‍ വന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വിവേകോദയം സ്കൂളില്‍ നിരവധി തവണ അച്ചടക്ക ലംഘനത്തിന് ശാസിക്കപ്പെട്ടിട്ടുള്ള ജഗന് പഠനം പൂര്‍ത്തിയാക്കുകയോ അവസാന വര്‍ഷം പരീക്ഷ എഴുതുകയോ ചെയ്തിരുന്നില്ല.
ജഗനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ജഗന് ലഹരി ക്ക് അടിമയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ജഗന് ഇപ്പോഴുള്ളത്. സ്കൂളിലെത്തി ചില വിദ്യാര്‍ത്ഥികളെ ജഗന് ആവശ്യപ്പെട്ടുവെന്നും ദൃക്സാക്ഷികൾ പറയുന്നുണ്ട്.
സ്കൂളിലെ പൂർവവിദ്യാർത്ഥിയായിരുന്ന ഇയാൾക്കെതിരെ മുൻപ് സ്കൂൾ അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നു. പിന്നീട് ഇയാൾ പഠനം പകുതി വഴിയിൽ നിർത്തുകയായിരുന്നു എന്നാണ് സൂചന. സ്കൂളിൽ എത്തിയ ഉടൻ ഇയാൾ പ്രിൻസിപ്പലിന്റെ റൂമിലേക്ക് കടന്നു കയറിയിരുന്നു. ഇവിടെ നിന്ന് സ്റ്റാഫ് റൂമിലെത്തിയ വിദ്യാർത്ഥി അധ്യാപികയ്ക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്തു. ഈ വിദ്യാലയമാണ് തന്റെ ഭാവി നശിപ്പിച്ചെതെന്ന് ഇയാൾ പറഞ്ഞതായി ദൃക്സാക്ഷിയായ അധ്യാപിക പറയുന്നു. സംഭവത്തിന് പിന്നാലെ തൃശൂർ ജില്ലാ കളക്ടറും, കോർപ്പറേഷൻ മേയറും, വിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്കൂൾ സന്ദർശിച്ചു.
ജഗൻ മാനസിക അസ്വാസ്ഥ്യം ഉള്ളയാൾ ആണെന്ന് വീട്ടുകാർ പറയുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചതായി പോലീസും സംശയം പറയുന്നുണ്ട്. എന്തായാലും പോലീസിന്റെ അന്വേഷണത്തിന് ശേഷമേ വിശദമായ കാര്യങ്ങൾ അറിയാൻ കഴിയുകയുള്ളൂ. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും മാത്രമേ നടക്കൂവെന്ന് നമ്മൾ വിശ്വസിച്ചിരുന്ന ഇത്തരം സംഭവങ്ങൾ നാട്ടിൽ അരങ്ങേറുന്നത് അങ്ങേയറ്റം ഭീതിജനകം തന്നെയാണ്. കേരളത്തിൽ വർധിച്ച് വരുന്ന മയക്കുമരുന്നിന്റെ കച്ചവടം തടയാൻ ആകുന്നില്ല എന്നത് തീർച്ചയായും സർക്കാരിന്റെ പരാജയം തന്നെയാണ്. ഇത്തരം മാരക ലഹരികൾ വിൽക്കുന്നത് പ്രധാനമായും സ്കൂളിന്റെ പരിസരങ്ങളിൽ ആണെന്നതാണ് ഏറെ ശ്രദ്ധിക്കേണ്ടത്.