പ്രതിസന്ധികളെ ഒന്നിച്ച് നേരിടും, എന്നും അതിജീവിതക്കൊപ്പം; വിജയ് ബാബു വിഷയത്തിൽ WCCയുടെ ഫേസ്ബുക്ക് പോസ്റ്റ്
നടനും നിർമാതാവുമായ വിജയ്ബാബുവിനെതിരെ പുതുമുഖനടി പൊലീസിൽ പരാതി നൽകിയിട്ടും കുറ്റാരോപിതനെ സഹായിക്കുന്ന വ്യവസ്ഥിതിക്കെതിരെ ഡബ്ല്യു സി സിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
രാജ്യത്തെ നിയമ സംവിധാനത്തിന്റെ ചട്ടക്കൂടനുസരിച്ച് പൊലീസിൽ പരാതിപ്പെടാൻ ഓരോരുത്തർക്കും അവകാശമുണ്ട്. പരാതിക്കാരിക്കുള്ള സ്വകാര്യതയും നിയമവ്യവസ്ഥ ഉറപ്പു നൽകുന്നുണ്ട്. വിജയ്ബാബുവിനെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ സ്വകാര്യതെ മാനിക്കാതിരുന്ന കുറ്റാരോപിതനെതിരെ നടപടിയെടുക്കാത്തതിൽ ശക്തമായ പ്രതിഷേധമാണ് സിനിമാ പ്രവർത്തകരുടെ വനിതാ കൂട്ടായ്മക്കുള്ളത്.
പരാതിയോട് വിജയ്ബാബു സ്വീകരിച്ച നിലപാട് അങ്ങേയറ്റം ആക്ഷേപകരമാണെന്നും ഡബ്ല്യു സി സി പറയുന്നു. അന്വേഷണത്തോട് സഹകരിക്കാതിരിക്കുകയും വിദേശത്തേക്ക് കടക്കുകയും സ്വകാര്യത മാനിക്കാതിരിക്കുകയും ചെയ്തത് നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണ്.
ഇയാൾക്കെതിരെ സമാനമായ രീതിയിലുള്ള ആരോപണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് സഹപ്രവർത്തകരിൽ ചിലർ പറയുന്നുണ്ട്. എന്നിട്ടും നിയമവ്യവസ്ഥയിലെ പഴുതുകൾ ഉപയോഗിച്ച് വിജയ് ബാബുവിന് ജാമ്യം ലഭിച്ചു. പരാതിയുമായി എത്തുന്ന പെൺകുട്ടികളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേണാണ് ഇവിടെ തിരിച്ചറിയേണ്ടതെന്നും പോസ്റ്റിൽ പറയുന്നു.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് 28 ശതമാനത്തിൽ താഴെ ബലാത്സംഗക്കേസുകളിൽ മാത്രമേ കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നുള്ളൂ. പരാതിക്കാരിക്ക് കുറ്റം തെളിയിക്കുക എന്ന കടമ്പ മറികടക്കുക എറെ പ്രയാസകരമാണെന്നും കൂടി പറഞ്ഞു വെച്ചാണ് ഡബ്യു സി സിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
Content Highlights: WCC on Vijaya Babu Case