രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ വനിതയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി; മൃതദേഹം കത്തിച്ചു; 6 പേർ അറസ്റ്റിൽ
രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ വനിതയെ കൂട്ടബലാൽസംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. വടകാട് ഫിഷിങ് ടൗണിനടുത്ത് വെച്ചാണ് ചൊവ്വാഴ്ച 45 വയസുകാരിയായ വനിതയെ സമീപത്തുള്ള ചെമ്മീൻ കെട്ടിലെ ജീവനക്കാരായ അക്രമികൾ ചേർന്ന് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെമ്മീന്‍ കെട്ടിലെ തൊഴിലാളികളായ ആറ് ഒഡിഷ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
കടൽപായലും കക്കയും ശേഖരിച്ച് ഉപജീവനം നടത്തുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച കടൽപായൽ ശേഖരിക്കാൻ പോയ ഇവരെ രാത്രിയായിട്ടും കാണാതിരുന്നതിനെത്തുടർന്ന് വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ചെമ്മീന്‍ കെട്ടിന് സമീപം മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മുഖം കത്തിച്ച് വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം.
സമീപത്തുള്ള ചെമ്മീൻ കെട്ടിലെ തൊഴിലാളികൾ വനിതയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാൻ മുഖത്ത് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തതായി പൊലീസ് സംശയിക്കുന്നു.
സംഭവത്തിന് പിന്നാലെ രോഷാകുലരായ നാട്ടുകാര്‍ ചെമ്മീന്‍ കെട്ട് തകര്‍ത്തു. ചെമ്മീൻ കെട്ടിലെ ചില ജീവനക്കാരെ നാട്ടുകാർ ആക്രമിക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട സംഘർഷങ്ങൾക്കൊടുവിലാണ് നാട്ടുകാർ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിട്ടുനൽകിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി രാമനാഥപുരം സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിമുതൽ കൊല്ലപ്പെട്ട വനിതയുടെ ബന്ധുക്കൾ താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച് വരികയാണ്. ഒരുകോടി രൂപയും ആശ്രിതരിലൊരാൾക്ക് ജോലിയും നഷ്ടപരിഹാരവും നൽകണമെന്നാണ് ബന്ധുക്കളുടെ ആവശ്യമെന്ന് രാമനാഥപുരം ജില്ലാ പൊലീസ് സൂപ്രണ്ട് എ കാർത്തിക് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.
Content Highlight – woman was abducted by gangs of shrimp workers and then murdered after being gang raped