നടിയെ ആക്രമിച്ച കേസിൽ വനിതാ ഐപിഎസ്സുകാരുടെ പോരാട്ടം; മുൻ ഡിജിപി ബി സന്ധ്യ അതിജീവിതക്കൊപ്പം, ആർ ശ്രീലേഖ ദിലീപിനൊപ്പം
നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിയുടെ വിധി ഇന്നലെ വന്നു കഴിഞ്ഞു. എന്നാൽ ഏറെ പ്രമാദമായ ഈ കേസ് രണ്ട് വനിതാ ഐപിഎസുകാരികൾ തമ്മിലുള്ള ഒരു ധാർമിക യുദ്ധത്തിനും സാക്ഷിയായിരുന്നു. മുൻ പോലീസ് മേധാവികളായ ബി സന്ധ്യയും ആർ ശ്രീലേഖയുമാണ് ഇരു ചേരികളിലായി നിലയുറപ്പിക്കുന്ന്നത്.
ഇപ്പോഴത്തെ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ മേയർ സ്ഥാനാർഥിയായ ആർ ശ്രീലേഖ തുടക്കം മുതൽ, കൺ മുന്നിൽ ഒരുപാട് വസ്തുതകൾ ഉണ്ടായിരുന്നിട്ട് പോലും ദിലീപിന്റെ കൂടെ ഉറച്ച് നിന്ന ആളാണ്. ദിലീപ് ജയിലിൽ കിടക്കുന്ന സമയത്ത്, അവിടെ സിനിമാതാരത്തിന് വിഐപി പരിഗണന നൽകാതെ, കിടക്കാനായി വെറും പായ കൊടുത്തതിനു ജയിലിൽ പോയി പ്രശ്നം ഉണ്ടാക്കി. ബ്ലാങ്കറ്റും ബെഡ്ഷീറ്റും എല്ലാം ഏർപ്പാടാക്കി. പുറത്ത് നിന്നുള്ള ഭക്ഷണം ഒക്കെ ഏർപ്പാടാക്കി കൊടുത്തു.
അതിൽ നിയമപരമായി തെറ്റില്ലെന്ന് തന്നെയാണ് ശ്രീലേഖ പറയുന്നത്. അതും ശരിയായിരിക്കാം. പക്ഷെ ഒരാൾക്ക് മാത്രമാണോ അങ്ങനെയുള്ള പ്രത്യേക പരിഗണന കിട്ടേണ്ടത്? റിട്ടയർ ആയതിന് ശേഷവും ഇക്കാര്യം അവർ ന്യായീകരിച്ചിരുന്നു. സമാനമായ മിക്കവാറും കേസുകളിൽ ഇതേ നിലപാടും ന്യായവാദങ്ങളും തന്നെയാണ് അവർ സ്വീകരിച്ചത്.
എന്നാൽ അപ്പുറം ഇരയ്ക്കൊപ്പം അടിയുറച്ച് നിന്നുകൊണ്ട് കാക്കി യൂണിഫോമിന്റെ മഹത്വം തെളിയിച്ച വ്യക്തിയാണ് ബി സന്ധ്യ എന്ന ഐപിഎസ് ഉദ്യോഗസ്ഥ. പെരുമ്പാവൂരിലെ ജിഷ വധക്കേസ്, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദ ചാമിയുടെ കേസ് അടക്കം സമാനമായ നിരവധി കുറ്റവാളികളെ പഴുതില്ലാതെ കുടുക്കിയ സന്ധ്യയുടെ ട്രാക്ക് റെക്കോർഡ് ഏറെ മികച്ചതാണ്.
ഈ കേസിൽ നടൻ ദിലീപിന് ഏറ്റവും കൂടുതൽ വൈരാഗ്യവും വിദ്വേഷവും ഉള്ളതും ഇവരോട് തന്നെയായാകും. താരപരിവേഷവും, സ്വാധീനവും, പണക്കൊഴുപ്പും ഒന്നും തന്നെ വകവെക്കാതെ
തൂക്കിയെടുത്ത് അകത്തിട്ട ആയ പോലീസ് ഓഫീസറെ ദിലീപ് മറക്കാൻ ഇടയില്ല. അതുകൊണ്ട് തന്നെയാകും വിധി കേട്ട് പുറത്തിറങ്ങിയ ഉടൻ ദിലീപ് ആദ്യം വിരൽ ചൂണ്ടിയത് സന്ധ്യയ്ക്ക് നേരെയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥയും ക്രിമിനൽ പോലീസും ചേർന്ന് കളിച്ച നാടകമാണെന്ന് ദിലീപ് പറയുന്നു.
എന്നാൽ അതിന് മുൻ ഡിജിപി കൂടിയായ സന്ധ്യ നൽകിയ മറുപടി ഇതാണ്. ”മിസ്റ്റർ ദിലീപ്,, നിങ്ങൾ അത്യന്തികമായി ജയിച്ചുവെന്നും നീതി തോൽപിക്കപ്പെട്ടു എന്നും കരുതരുത്. ഇനിയും മുകളിൽ കോടതികൾ ഉണ്ട്. നീതി കിട്ടും വരെ ഈ കുപ്പായമില്ലെങ്കിൽ പോലും ഞാനും അവളുടെ കൂടെയുണ്ട്.”
നടി ആക്രമിച്ച കേസില്‍ നടന് ദിലീപ് ഉള്‍പ്പടെയുള്ള നാലുപ്രതികളെ വെറുതെ വിട്ടത് അന്തിമ വിധിയല്ലെന്നും മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അന്വേഷണ സംഘം മുന്‍ മേധാവി ബി സന്ധ്യ പറഞ്ഞു. ഗുഢാലോചന തെളിയിക്കുക എപ്പോഴും ഒരു വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു.
‘അന്വേഷണ സംഘം മികച്ച ജോലിയാണ് ചെയ്തത്. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. മാറിമാറി വന്ന പ്രോസിക്യൂട്ടര്‍മാരും നല്ല ജോലി ചെയ്തിട്ടുണ്ട്. ഈയൊരു കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയില്‍ ഒരുപാട് പോസിറ്റീവായ മാറ്റങ്ങള്‍ വന്നു. അന്തിമ വിധി വരുന്നതുവരെ അതിജീവിതയ്ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകും. ഒരുപാട് വെല്ലുവിളികള്‍ വിചാരണവേളയില്‍ നേരിട്ടുണ്ട്. മേല്‍ക്കോടതിയില്‍ നീതിക്കുവേണ്ടി അന്വേഷണ സംഘവും പ്രോസിക്യൂഷനും പോരാടും എന്നും ബി സന്ധ്യ പറയുന്നു.
പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള ആറ് പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഈ പ്രതികള്‍ക്കുള്ള ശിക്ഷാവിധി വെള്ളിയാഴ്ചയാണ് പ്രഖ്യാപിക്കുന്നത്.













