യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചു; സൂരജ് പാലാക്കാരനെ പോലീസ് പൊക്കി
യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വ്ലോഗര്‍ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പോലീസാണ് സൂരജിനെ ക സ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു കേസില്‍ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് വ്ലോഗർ സൂരജ് പാലാക്കാരനെ എറണാകുളം എസിപി അന്ന് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ 2022ല്‍ പൊലീസ് കേസെടുത്തത്. എസ് സി എസ് ടി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പൊലീസ് ചുമത്തിയിരുന്നു.
ഇടുക്കി സ്വദേശിയായ യുവതി ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് വ്ലോഗിലൂടെ സൂരജ് പാലാക്കാരൻ ഇവരെ അധിക്ഷേപിച്ചത്. വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിർമിക്കാൻ നിർബന്ധിച്ചെന്നും, അതിന് വഴങ്ങാത്തതിന് മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ചാണ് ക്രൈം പത്രാധിപർ നന്ദകുമാറിനെതിരെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായ യുവതി പരാതി നൽകിയത്. അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു പോകുകയും ചെയ്തിരുന്നു. യുവതി കൊച്ചി ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നു . ഈ പരാതി വ്യാജമാണെന്ന് ആരോപിച്ചാണ് സൂരജ് പാലാക്കാരൻ യൂട്യൂബ് വീഡിയോ പുറത്തുവിട്ടത്. യുവതിയെ പരസ്യമായി അപമാനിച്ച് കൊണ്ടുള്ള ഈ വീഡിയോ, നാല് ലക്ഷത്തിലധികം പേർ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അടിമാലി സ്വദേശിനി പൊലീസിനെ സമീപിച്ചതും സൂരജ് പാലക്കാരനെതിരെ പരാതി നൽകിയതും.
ഡിജിറ്റൽ ഇടങ്ങളും പൊതുഇടങ്ങളാണെന്നും ഇവിടെ സ്ത്രീകളെ അപമാനിക്കുന്നത് കുറ്റകരമാണെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഡിജിറ്റൽ മാധ്യമങ്ങൾ വഴി മോശം പരാമർശങ്ങൾ നടത്തുന്നത് കുറ്റകരമെന്ന നിരീക്ഷണത്തോടെയാണ് സൂരജ് പാലാക്കാരന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. ഡിജിറ്റൽ മാധ്യമങ്ങളും പൊതുഇടങ്ങളാണെന്ന് നിരീക്ഷണവും കോടതി അന്ന് നടത്തിയിരുന്നു. ഇത്തരം മാധ്യമങ്ങളിലൂടെയുള്ള പരാമർശം അധിക്ഷേപകരമായി തോന്നിയാൽ ഇരകൾക്ക് നിയമപരമായി നേരിടാമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കിയിരുന്നു.
പ്രതിക്കെതിരെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമുള്ള കുറ്റം ഉള്ളതിനാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നാണ് കോടതി നിലപാടെടുത്തത്.
ഇപ്പോളത്തെ കേസും തുടർന്നുള്ള അറസ്റ്റും ഒരു യുവനടിയെ അധിക്ഷേപിച്ചു എന്ന പരാതിയിലാണ്. പല തവണ തന്നെ ചാനലിലൂടെ അപമാനിച്ചു എന്നാണ് പരാതി. ജൂൺ ഒന്നിനാണ് യുവതി പരാതി നൽകിയത്. പോലീസ് കൃത്യമായ നടപടികൾ തന്നെ സ്വീകരിക്കുമെന്ന് പ്രതീക്ഷയുള്ളതായി യുവതി പറയുന്നുണ്ട്. ഇപ്പോൾ നടക്കുന്ന പോലീസ് സ്റ്റേഷനിലെ നടപടികൾ പൂർത്തിയായ ശേഷം സൂരജ് പാലാക്കാരനെ പോലീസ് കോടതിയിൽ ഹാജരാക്കും.