12 ദിവസം കൊണ്ട് മല ചവിട്ടിയത് 10 ലക്ഷം ഭക്തർ; വരുമാനം 63 കോടി കവിഞ്ഞു

ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. വൃശ്ചികം ഒന്നിനു നട തുറന്ന് 12 ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 54 ശതമാനം അധികമാണിത്. 87,999 തീര്‍ഥാടകരെത്തിയ വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത്. ഭക്തരുടെ എണ്ണത്തിലെ കുതിച്ചു ചാട്ടം ദേവസ്വത്തിന്റെ വരുമാനത്തിലും കാര്യമായ വര്‍ധനവുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.5 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും 63 കോടിയിലധികം വരുമാനം ലഭിച്ചെന്നും ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15.89 കോടിയിലധികം വരുമാനമാണുണ്ടായത്. അരവണ വില്‍പ്പനയില്‍ മാത്രം 28 കോടി ലഭിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 9.5 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 3.5 ലക്ഷം അപ്പവും വിറ്റു. 39 ലക്ഷം രൂപ അപ്പം വിറ്റതില്‍ നിന്ന് മാത്രം ലഭിച്ചു. കഴിഞ്ഞ വര്‍ഷം 19.4 കോടി രൂപയാണ് അരവണ വില്‍പ്പനയില്‍ ലഭിച്ചത്. ഇത്തവണ 12 ദിവസം കൊണ്ട് 28.93 കോടി രൂപയാണ് നേടിയത്. 9.53 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് കൂടിയിട്ടും സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടത് നേട്ടമാണെന്നാണ് ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ഇരുപതിലധികം സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും കൂട്ടായ പ്രയത്നത്തിന് പുറമെ മുഖ്യമന്ത്രിമാരും മന്ത്രിമാരും നല്കിയ പിന്തുണ ഇത്തവണ പരാതികള്‍ ഒഴിവാക്കാന്‍ സഹായകമായി. സന്നിധാനം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.