ഗുരുവായൂർ ഏകാദശി: പൊലീസിന്റെ വിളക്കാഘോഷം
പൊലീസുകാർ ഒത്തുചേർന്ന് ഒരു ക്ഷേത്രത്തിൽ ചുറ്റുവിളക്ക് ആഘോഷം നടത്തുന്ന കാഴ്ച വളരെ അപൂർവ്വമായിരിക്കും. എന്നാൽ ഗുരുവായൂരിൽ കാലങ്ങളായി ഏകാദശിയുടെ പ്രധാന വിളക്കാഘോഷങ്ങളിലൊന്ന് പൊലീസ് വകുപ്പിന്റേതാണ്. തിങ്കളാഴ്ച സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥ മേധാവികളെല്ലാം ഗുരുവായൂരിലേക്ക് എത്തിയത് ഏകാദശി വിളക്കാഘോഷം കേമമാക്കുന്നതിനായിരുന്നു.
കാക്കിക്കുള്ളിലെ കലാകാരൻമാരെല്ലാം പാട്ടുപാടിയും നൃത്തംവെച്ചും ആഘോഷം കേമമാക്കി. പൊലീസുകാരുടെ കുടുംബാംഗങ്ങളും കലാപരിപാടികൾ അവതരിപ്പിക്കാനുണ്ടായിരുന്നു.
ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച. കാക്കിയിട്ട പൊലീസുകാരെ എവിടേയും കണ്ടില്ല. സ്റ്റേഷനിലെ പൊലീസുകാർക്കെല്ലാം മുണ്ടും പച്ച നിറമുള്ള ഷർട്ടുമായിരുന്നു ’യൂണിഫോം’. ’ഗീതോപദേശം’ പ്രിന്റ് ചെയ്ത ഷർട്ടുകളായിരുന്നു നൽകിയത്. പൊലീസുകാർ സംഘാടകരാകുന്ന വിളക്കാഘോഷത്തിൽ ജനങ്ങളും പങ്കുചേർന്നു. വൈകീട്ട് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സംഗമം സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ ഉദ്ഘാടനംചെയ്തു.













