തിരുവൈരാണിക്കുളം പാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്നുമുതൽ; വിർച്വൽ ക്യൂ സംവിധാനവും ഉണ്ടായിരിക്കും
ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്നു മുതൽ ജനുവരി 23 വരെ നടക്കും. ഉമാമഹേശ്വരൻമാർ ഒരേ ശ്രീകോവിലിൽ വാണരുളുന്ന ഈ ക്ഷേത്രത്തിൽ മഹാദേവന്റെ തിരുനട വർഷം മുഴുവൻ തുറക്കുമെങ്കിലും പാർവ്വതീ ദേവിയുടെ തിരുനട വർഷത്തിൽ 12 ദിവസം മാത്രമേ തുറക്കുകയുള്ളൂ. സാധാരണ ക്യു സംവിധാനം കൂടാതെ ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി ദേവീ ദർശനം നടത്തുന്നതിനായി വിർച്വൽ ക്യു സംവിധാനവും ഉണ്ടായിരിക്കുന്നതാണെന്ന് തിരുവൈരാണിക്കുളം ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ജനുവരി 1 മുതലാണ് വിർച്വൽ ക്യൂ ബുക്കിങ്ങ് ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക് www.thiruvairanikkulamtemple.org
ഉത്സവത്തിന് തുടക്കം കുറിച്ചുള്ള തിരുവാഭരണഘോഷയാത്ര ഞായറാഴ്ച വൈകീട്ട് 4.30ന് അകവൂർ മനയിൽ നിന്ന് ആരംഭിക്കും. ഘോഷയാത്ര രാത്രി 8ന് ക്ഷേത്രത്തിൽ പ്രവേശിച്ച് ആചാരപൂർവം നടതുറക്കും. രാത്രി 10 ന് നടയടയ്ക്കും. തുടർന്ന് പൂത്തിരുവാതിര ചടങ്ങുകൾ നടത്തും.തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 4 മുതൽ ഉച്ചയ്ക്ക് 1.30വരെയും വൈകീട്ട് 4 മുതൽ രാത്രി 9 വരെയുമാണ് ദർശന സമയം. ഭക്തജനങ്ങൾക്ക് ദർശനത്തിന് ക്യൂ നിൽക്കാനായി അൻപതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള പന്തലുകളാണ് ഒരുക്കിയിട്ടുള്ളത്. വഴിപാടുകൾക്ക് രസീത് ലഭിക്കുന്നതിന് ക്യൂവിൽ തന്നെ കൗണ്ടറുകൾ സജ്ജമാണ്. ഓൺലൈനായും വഴിപാടുകൾ ബുക്ക് ചെയ്യാം.
ആലുവ , പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ് സർവീസ് നടത്തും. തീർത്ഥാടന പാക്കേജിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി ദീർഘദൂര സർവീസുകളുമുണ്ടാകും. കർശനമായ ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഉത്സവം. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് പൂർണമായും ഒഴിവാക്കണമെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.