ഇന്ന് ഗുരുവായൂർ ഏകാദശി; വ്രതാനുഷ്ഠാനത്തിൽ മുഴുകി ഭക്തർ
ഗുരുവായൂർ ഏകാദശി ഇന്ന്. ഭക്തർ വ്രതാനുഷ്ഠാനത്തോടെയായിരിക്കും ഇന്ന് കണ്ണനെ ദർശിക്കാനെത്തുക. ദശമി ദിനമായ ഇന്നലെ പുലർച്ചെ നട തുറന്നു. ഇനി ദ്വാദശി ദിനമായ നാളെ രാവിലെ 9 മണിക്കാണ് നട അടയ്ക്കുക. പൂജകൾക്ക് മാത്രമായിരിക്കും ഇന്ന് നട അടയ്ക്കുക.
ഏകാദശികളിൽ ഏറ്റവും പ്രധാനമാണ് ഗുരുവായൂർ ഏകദാശി. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത്. അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാ ദിനമായും കണക്കാക്കുന്നു. ഭഗവാൻ ഗീതോപദേശം നൽകിയ ദിനം കൂടിയാണിത്.
ഭഗവാൻ മഹാവിഷ്ണു ദേവീദേവൻമാർക്കൊപ്പം ഗുരുവായൂർക്കെഴുന്നള്ളുന്ന ദിനമാണിതെന്നും വിശ്വാസമുണ്ട്. ഇന്നേ ദിവസം ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്നതു പോലും സുകൃതമാണെന്നു ഭക്തർ കരുതുന്നു.
ഏകദാശിയോടനുബന്ധിച്ച് ചാവക്കാട് താലൂക്കിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. തൃശൂർ ജില്ലാ കലക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.