ഗുജറാത്തിന് പിന്നാലെ ഡല്‍ഹിയും; രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട
രാജ്യതലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. ലഹരിവിരുദ്ധ ഏജൻസി 900 കോടി രൂപയുടെ കൊക്കെയ്ൻ ഡല്‍ഹിയില്‍ നിന്ന് പിടികൂടി.
ഗുജറാത്തില്‍ നിന്നും 700 കിലോഗ്രാം മെത്താഫെറ്റമിൻ പിടികൂടി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡല്‍ഹിയില്‍ നിന്നുള്ള ഈ ‘ഓപ്പറേഷൻ’. രാജ്യതലസ്ഥാനത്തുനിന്ന് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ ലഹരിവേട്ടകളില്‍ ഒന്നാണ് ഇത്. ഓപ്പറേഷന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു.
മാസങ്ങളായി ലഹരിവിരുദ്ധ ഏജൻസികള്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ഒടുവിലാണ് ഈ പിടികൂടല്‍. നേരത്തെ ഓഗസ്റ്റിലും മാർച്ചിലും സമാനമായ രീതിയില്‍ ഡല്‍ഹിയില്‍നിന്ന് വലിയ തുക വരുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു. ജനക്പുരി, നൻഗോളി മേഖലകളില്‍ നിന്നാണ് ഇത്രയും ലഹരിമരുന്ന് പിടികൂടിയത്.
മേഖലയിലെ കൊറിയർ കടകളില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ഓസ്ട്രേലിയയിലേക്ക് കയറ്റിയയക്കാനുള്ള പാർസല്‍ എന്ന വ്യാജേനയാണ് ഇവ സൂക്ഷിച്ചിരുന്നത്. വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഒരു നെറ്റ് വർക്ക് ആണ് ഇവ കൈകാര്യം ചെയുന്നത് എന്നാണ് ഏജൻസിയുടെ നിഗമനം. കോഡ് പേരുകള്‍ ഉപയോഗിച്ചാണ് ഇവർ പരസ്പരം അറിയപ്പെട്ടിരുന്നതെന്നും ഏജൻസികള്‍ കണ്ടെത്തിയിട്ടുണ്ട്.