കഞ്ചാവ് വേട്ട : എസ്എഫ് ഐ ആരോപണം തള്ളി പൊലീസ്

റെയ്ഡിൽ കഞ്ചാവ് പിടിച്ച സംഭവത്തിൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയെ കുടുക്കിയെന്ന എസ് എഫ് ഐ ആരോപണം തള്ളി പൊലീസ്. അറസ്റ്റിലായവർ കേസിൽ പങ്കുള്ളവർ തന്നെയാണെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നും തൃക്കാക്കര എസിപി ബേബി വിശദീകരിച്ചു. ഉന്നത ഉദ്യോഗസ്ഥരെ അടക്കം അറിയിച്ചാണ് ഈ റെയ്ഡ് നടത്തിയത്. ഹോസ്റ്റലിൽ മറ്റു കുട്ടികളും ഉണ്ടായിരുന്നു. എന്നാൽ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. നിലവിൽ പിടിയിലായവർക്ക് കേസുമായി കൃത്യമായ ബന്ധമുണ്ട്. പൂർവ്വ വിദ്യാർത്ഥികൾക്ക് അടക്കം കേസിൽ പങ്കുണ്ടെന്നും കോളേജ് അധികാരികളെ രേഖാമൂലം അറിയിച്ച ശേഷമാണ് പരിശോധന നടന്നതെന്നും പൊലീസ് അറിയിച്ചു.
കളമശേരി പോളീടെക്നിക്കിൽ ആൺകുട്ടികളുടെ ഹോസ്റ്റലിൽ അർദ്ധരാത്രി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അടക്കം മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.