കോളജ് വിദ്യാർഥികളുടെ വിനോദയാത്രക്കിടെ ബസിന് മുകളിൽ പൂത്തിരി; സ്വമേധയാ ഇടപെട്ട് ഹൈക്കോടതി
കൊല്ലം പെരുമൺ എൻജിനിയറങ് കോളജിലെ വിദ്യാർഥികൾ വിനോദ യാത്ര പോയ ബസിനു മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെടുന്നു. വിഷയത്തിൽ വിശദീകരണം നൽകാൻ സർക്കാരിനോടു ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദേശിച്ചു. ഇത്തരം നടപടികളെ നിയന്ത്രിക്കാൻ മോട്ടോർ വാഹന നിയമത്തിൽ ചട്ടങ്ങൾ ഉണ്ടെന്നു എ എസ്ജി കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരാണ് അവ നടപ്പിലാക്കേണ്ടതെന്നും അറിയിച്ചിട്ടുണ്ട്.
പെരുമൺ എൻജിനിയറിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥികൾ വിനോദ യാത്ര പുറപ്പെടുന്നതിനു മുൻപായാണ് ആഘോഷ പരിപാടിക്കിടെ ബസിനു മുകളിൽ പൂത്തിരി കത്തിച്ചത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ മോട്ടോർ വാഹന വകുപ്പ് ബസുകൾക്കെതിരെ കേസെടുത്തിരുന്നു. ഈ ദൃശ്യങ്ങൾ ഹൈക്കോടതി പരിശോധിച്ചു .
ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് ബാച്ച് വിദ്യാർഥികൾക്കു യാത്ര പോകുന്നതിനായി മൂന്നു ടൂറിസ്റ്റു ബസുകളാണ് എത്തിയത്. ഇതില് ഒരു ബസിനു മുകളിൽ രണ്ടു ഭാഗങ്ങളിലായി പൂത്തിരി കത്തിക്കുകയായിരുന്നു. തീ കൂടുതലായതോടെ ജീവനക്കാർ ചവിട്ടിയും വെള്ളമൊഴിച്ചും തീ കെടുത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബസ് തിരികെ എത്തിയതിനു പിന്നാലെ സംഭവത്തിൽ രണ്ടു ബസുകൾ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു.
പുന്നപ്രയിലും തകഴിയിലും വച്ചാണ് നടപടി. സംഭവത്തിൽ കോളജിനു പങ്കില്ലെന്ന നിലപാട് നേരത്തെ തന്നെ കോളജ് അധികൃതർ വിശദമാക്കിയിരുന്നു. കുട്ടികളെ ആവേശത്തിലാക്കുന്നതിനു ബസ് ജീവനക്കാരാണ് ബസിനു മുകളിൽ പൂത്തിരി കത്തിച്ചതെന്നാണ് വിശദീകരണം. വിഷയം ഹൈകോടതി ജൂലൈ ഏഴിന് പരിഗണിക്കും.
ടൂറിസ്റ്റു ബസുകളിൽ ഉച്ചത്തിൽ പാട്ടു വയ്ക്കുന്നതും അമിത ലൈറ്റുകൾ ഘടിപ്പിക്കുന്നതിനും ഹൈക്കോടതി കടുത്ത വിമർശനം ഉയർത്തിയിരുന്നു.
Content Highlights: Collage Tour Harmful Celebration at Tourist Bus