സംസ്കൃത സർവകലാശാലയിലെ ഗസ്റ്റ് അധ്യാപകർ പിരിച്ചുവിടൽ ഭീഷണിയിൽ
കാലടി സംസ്കൃത സർവ്വകലാശാലയിലെ ഗസ്റ്റ് അധ്യാപകർ പിരിച്ചുവിടൽ ഭീഷണിയിൽ. ഗവേഷക വിദ്യാർത്ഥികളെ ടീച്ചിങ് അസിസ്റ്റന്റ് ആയി തിരഞ്ഞെടുക്കാനാണ് തീരുമാനം. വർഷങ്ങളോളം ജോലി ചെയ്ത അധ്യാപകരേയാണ് പിരിച്ച് വിടാൻ ഒരുങ്ങുന്നത്. 240 ഓളം ഗസ്റ്റ് അധ്യാപകരാണ് ഇവിടെയുള്ളത്. ഈ വർഷം ഏപ്രിൽ 30 ന് ഇവരുടെ കരാർ കാലാവധി അവസാനിച്ചിരുന്നു.
പുതിയ ഗസ്റ്റ് അധ്യാപകരെ നിയമിക്കാനായി പുതുക്കിയ മാനദണ്ഡമാണ് തയ്യാറാക്കിയിരിക്കുന്നത്.നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് നടന്ന സിന്റിക്കേറ്റ് യോഗത്തിലേക്ക് ഗസ്റ്റ് അധ്യാപകർ മാർച്ച് നടത്തി. മാർച്ച് പ്രൊഫസർ കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു.
2018 ലെ യു ജി സി വ്യവസ്ഥകൾക്ക് വിധേയമായാണ് പുതിയ മാനദണ്ഡം തയ്യാറായിക്കിയിരുന്നതെന്നാണ് സർവ്വകലാശാല അധികൃതർ അവകാശപ്പെടുന്നത്.
എന്നാൽ ഇതിന് വിരുദ്ധമായ കാര്യങ്ങൾ പുതുക്കിയ നിർദ്ദേശത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗസ്റ്റ് അധ്യാപകർ ആരോപിക്കുന്നു. സ്ഥിരനിയമനത്തിന് നിശ്ചയിക്കുന്ന പ്രായപരിധി മാനദണ്ഡം ഗസ്റ്റ് അധ്യാപകരുടെ കാര്യത്തിലും നടപ്പാക്കും. ഇതോടെ 40 കഴിഞ്ഞ പലരുടേയും ജോലി നഷ്ടമാകും. ഏതെങ്കിലുമൊരു വിദ്യാർത്ഥി അധ്യാപകർക്കെതിരെ രംഗത്തെത്തിയാൽ അത് നിയമനത്തെ ബാധിക്കുമെന്നതാണ് പുതുക്കിയ മറ്റൊരു മാനദണ്ഡം. ഈ നിർദ്ദേശം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി.
Content Highlights: Kalady Sanskrit University teachers