നീറ്റ് ക്രമക്കേട്: ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേര് ഇന്ന് വീണ്ടും പരീക്ഷയെഴുതും
മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ ഗ്രേസ് മാർക്ക് ലഭിച്ചവർക്കുള്ള പുനഃപരീക്ഷ ഞായറാഴ്ച നടക്കും.
1563 വിദ്യാർഥികള്‍ വീണ്ടും പരീക്ഷയെഴുതും. ഏഴ് കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. ഒന്നൊഴികെ മുൻപ് പരീക്ഷ നടത്തിയ കേന്ദ്രങ്ങളെല്ലാം മാറ്റിയിട്ടുണ്ട്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് നാഷ്ണല്‍ ടെസ്റ്റിങ് ഏജൻസിയുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഉദ്യോഗസ്ഥർ കേന്ദ്രങ്ങളില്‍ ഉണ്ടാകും. 2024 നീറ്റ്-യുജി പരീക്ഷയില്‍ ഗ്രേസ് മാർക്ക് ലഭിച്ച 1563 ഉദ്യോഗാർഥികളുടെ ഫലം റദ്ദാക്കുമെന്നും ജൂണ്‍ 23-ന് വീണ്ടും പരീക്ഷ നടത്തുമെന്നും കേന്ദ്രം സുപ്രീംകോടതിയെ നേരത്തേ അറിയിച്ചിരുന്നു. ജൂണ്‍ 30-ന് ഫലം പ്രഖ്യാപിക്കും.
ജൂണ്‍ നാലിന് പ്രസിദ്ധീകരിച്ച നീറ്റ് പരീക്ഷാ ഫലത്തില്‍ വൻതോതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയില്‍ ചോദ്യപേപ്പർ ചോർച്ച കണ്ടെത്തുകയും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. നീറ്റ് പരീക്ഷയില്‍ 67 വിദ്യാർഥികള്‍ 720-ല്‍ 720 മാർക്ക് നേടിയിരുന്നു.
ഇതില്‍ ആറ് വിദ്യാർഥികള്‍ ഹരിയാണയിലെ ഒരു സെന്ററില്‍ നിന്നുള്ളവരായിരുന്നു. ഗ്രേസ് മാർക്കിനെച്ചൊല്ലിയും വൻതോതില്‍ പ്രതിഷേധം ഉയർന്നു. എന്നാല്‍ പരീക്ഷ റദ്ദാക്കുന്നതിലേക്ക് നീങ്ങിയിരുന്നില്ല. അതേസമയം, യു.ജി.സി. നെറ്റിലും സമാന പ്രശ്നം ചൂണ്ടിക്കാട്ടി പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷ കഴിഞ്ഞതിന്റെ തൊട്ടുപിന്നാലെയായിരുന്നു റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.