‘പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാൻ സാദ്ധ്യത’; സ്ഥാനാര്‍ത്ഥിക്ക് താല്പര്യം നോട്ടിനോടെന്ന് കെ മുരളീധരൻ

പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടില്‍ അല്ല നോട്ടിലാണ് താല്പര്യമെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ.
പാലക്കാട്ടേത് രാഷ്ട്രീയ മത്സരമാണ്. അവിടെ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാൻ സാദ്ധ്യതയുണ്ടെന്ന് ബിജെപിക്കാർ തന്നെ പറയുന്നു. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ പി സരിന്റെ റോഡ് ഷോയിലെ ജനപങ്കാളിത്തം വോട്ടായി മാറില്ലെന്നും കെ മുരളീധരൻ പറഞ്ഞു. മലപ്പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോർപറേഷൻ നോക്കാൻ അറിയാത്ത ആളെയാണ് വയനാട്ടില്‍ ബിജെപി സ്ഥാനാർത്ഥിയാക്കിയതെന്നും കെ മുരളീധരൻ പരിഹസിച്ചു. നേതൃത്വത്തിന്റെ വീഴ്ചകള്‍ പറയേണ്ടത് പാർട്ടി പോർമുഖത്ത് നില്ക്കുമ്ബോഴല്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിഡി സതീശന്റെ ശെെലിക്കെതിരായ വിമർശനത്തോടായിരുന്നു ഈ നിലയില്‍ മുരളീധരൻ പ്രതികരിച്ചത്. പാർട്ടിയില്‍ നേതൃസ്ഥാനത്ത് തലമുറ മാറുമ്ബോള്‍ ശെെലിയും മാറും. അത് സ്വാഭാവികമാണ്. ഇത് പാർട്ടി കാര്യങ്ങള്‍ ചർച്ച ചെയ്യാനുള്ള സമയമല്ല. സംഘടനാ വീഴ്ചകളും വിമർശനങ്ങളും തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നും കെ മുരളീധരൻ പറഞ്ഞു.